പട്‌ന : ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെ കൊലപ്പെടുത്തി പൊലീസ്. സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ട്. ബലരണ്‍ സിങ് (45) ശുഭം കുമാര്‍ (24) ബിട്ടു കുമാര്‍ (25) എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ മോത്തിഹാരിയിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട കവര്‍ച്ചാസംഘത്തിലെ രണ്ട് പേരുടെയും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. ഞായറാഴ്‌ച (ജൂണ്‍ 25) രാത്രി ഘോര സഹാന്‍ പുരന്‍സിയ മേഖലയിലാണ് സംഭവം.
പ്രദേശത്തെ വിവിധയിടങ്ങളില്‍ കവര്‍ച്ച നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. പൊലീസ് സംഘത്തെ കണ്ടതോടെ കവര്‍ച്ചാസംഘം ബോംബ് എറിയുകയായിരുന്നു. ഇതോടെ പൊലീസ് നിറയൊഴിച്ചു. ഇതിലാണ് രണ്ടുപേര്‍ മരിച്ചത്.
ബോംബ് ആക്രമണത്തിലാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. ഗ്യാസ് കട്ടറുകള്‍, കുഴിയെടുക്കാനുള്ള വിവിധ ഉപകരണങ്ങള്‍, മാരകമായ സ്‌ഫോടന വസ്‌തുക്കള്‍ എന്നിവയുമായാണ് കവര്‍ച്ചാസംഘം മേഖലയിലെത്തിയിരുന്നതെന്ന് ഘോരസഹാന്‍ പൊലീസ് സ്റ്റേഷനിലെ എസ്‌പി കാന്തേഷ് കുമാര്‍ മിശ്ര പറഞ്ഞു.
സംഘര്‍ഷ സ്ഥലത്ത് നിന്ന് നിരവധി ബുള്ളറ്റുകളും ബോംബുകളും കണ്ടെടുത്തിട്ടുണ്ടെന്നും എസ്‌പി അറിയിച്ചു. ബോംബ് സ്‌ക്വാഡെത്തിയാണ് ഇവ നിര്‍വീര്യമാക്കിയത്. ഇതിന് പുറമെ സ്ഥലത്ത് നിന്ന് ഏതാനും ഉപകരണങ്ങളും പൊലീസിന് ലഭിച്ചു. നിലവില്‍ മേഖലയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.