ശ്രീനഗർ: ശ്രീനഗറിലെ ഹർവാൻ മേഖലയിലും ഗാസുവിലും സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊടും ഭീകരൻ അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. ഹർവാനിലുണ്ടായ ഏറ്റുമുട്ടലിൽ കൊടും ഭീകരനും ലഷ്‌കറെ ത്വയ്‌ബ തീവ്രവാദിയുമായ സലീം പരേ കൊല്ലപ്പെട്ടതായി ജമ്മു കശ്‌മീർ പൊലീസ് അറിയിച്ചു. ഒരു മണിക്കൂറിന് ശേഷം ഗാസുവിലുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്ഥാൻ തീവ്രവാദി ഹംസ കൊല്ലപ്പെട്ടു.
ഹജിൻ ബന്ദിപ്പോരയിൽ നിന്നുള്ള തീവ്രവാദി സലീം പരെ ഒന്നിലധികം തീവ്രവാദി ആക്രമണങ്ങളിൽ പങ്കാളി ആയിരുന്നുവെന്നും ബന്ദിപ്പോരയിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെടാൻ ഇടയായ ഭീകരാക്രമണത്തിൽ ഹംസക്ക് പങ്കുണ്ടെന്നും കശ്‌മീർ ഐജി വിജയ് കുമാർ പറഞ്ഞു.
കഴിഞ്ഞ മാസം ഇതേ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ മറ്റൊരു കൊടും ഭീകരനെ സുരക്ഷ സേന വധിച്ചിരുന്നു. 2021ൽ 13ലധികം ഏറ്റുമുട്ടലുകൾക്കാണ് ശ്രീനഗർ സാക്ഷ്യം വഹിച്ചത്. ആക്രമണങ്ങളിൽ 20 തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. 2020 ഓഗസ്റ്റിൽ പൊലീസ് ശ്രീനഗറിനെ തീവ്രവാദ മുക്ത ജില്ലയായി പ്രഖ്യാപിച്ചിരുന്നു.
Also Read: പ്രധാനമന്ത്രി അഹങ്കാരിയെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്