ന്യൂഡൽഹി: കൊവിഡിനിരയാകുന്നവരുടെ മൃതദേഹങ്ങൾ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെത്തുടർന്ന് മരിച്ചവരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി നിയമ നിർമാണം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ശുപാർശകൾ പുറപ്പെടുവിച്ചു.
കൂട്ട ശവസംസ്കാരം നടത്തുന്നത് മരിച്ചവരുടെ അന്തസ്സിനെ ഇല്ലാതാക്കുകയാണെന്നും അതിനാൽ അത് അനുവദിക്കരുതെന്നും മരിച്ചവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമനിർമാണം നടത്തണമെന്നും ശുപാർശകളിൽ പറയുന്നു.
ബിൽ അടക്കാൻ കഴിയാത്ത സാഹചര്യത്തിൽ മൃതദേഹം ആശുപത്രികൾ വിട്ടുനൽകാതിരിക്കരുതെന്നും ക്ലെയിം ചെയ്യാത്ത മൃതദേഹങ്ങൾ സുരക്ഷിത സാഹചര്യത്തിൽ സൂക്ഷിക്കണമെന്നും ശുപാർശകളിൽ വ്യക്തമാക്കുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗാ നദിയിൽ ഒഴുകി നടക്കുന്ന സംഭവം കണക്കിലെടുത്താണ് മനുഷ്യാവകാശ കമ്മീഷൻ ശുപാർശകൾ പുറപ്പെടുവിച്ചത്.
മരണസംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കുംആംബുലൻസ് സേവനങ്ങളിലേക്കോ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ലീഗൽ അതോറിറ്റികളിലേക്കോ ജനങ്ങൾ വിവരം അറിയിക്കണമെന്നും കൂടാതെ, ഓരോ സംസ്ഥാനവും ജില്ലാ അടിസ്ഥാനത്തിൽ മരണ കേസുകളുടെ ഡിജിറ്റൽ ഡാറ്റാ സെറ്റ് സൂക്ഷിക്കണമെന്നും വ്യക്തിയുടെ മരണം ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ്, ഇൻഷുറൻസ് തുടങ്ങി എല്ലാ രേഖകളിലും ഒരേസമയം അപ്‌ഡേറ്റ് ചെയ്യണമെന്നും മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
പോസ്റ്റ്‌മോർട്ടത്തിൽ അനാവശ്യ കാലതാമസം സംഭവിക്കുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം, മൃതദേഹം എത്തിക്കാൻ ഗതാഗത സൗകര്യങ്ങൾ ലഭ്യമാണെന്നും ആംബുലൻസ് ചാർജുകളുടെ ഏകപക്ഷീയമായ വർദ്ധനവ് തടയുന്നുവെന്നും പ്രാദേശിക അധികാരികൾ ഉറപ്പുവരുത്തണം, മൃതദേഹം കുടുംബത്തിലേക്ക് മടക്കി അയയ്ക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മതപരമോ സാംസ്കാരികമോ ആയ ഘടകങ്ങൾ കണക്കിലെടുത്ത് സംസ്ഥാനമോ പ്രാദേശിക ഭരണകൂടം അന്ത്യകർമങ്ങൾ നടത്തണമെന്നും ശുപാർശകളിൽ പറയുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 21ൽ പറയുന്ന ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനും അന്തസ്സിനുമുള്ള അവകാശം ജീവിച്ചിരിക്കുന്നവർക്ക് മാത്രമല്ല, മൃതദേഹങ്ങൾക്കും ബാധകമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു.
Also Read: സൗമ്യയുടെ ഭൗതികദേഹം ഡല്‍ഹിയില്‍, വൈകാതെ സംസ്ഥാനത്തെത്തിക്കും