ചണ്ഡീഗഡ് (പഞ്ചാബ്): വിദ്യാർഥിയും അധ്യാപികയും തമ്മിലുള്ള ഊഷ്‌മളമായ ബന്ധം കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. ചണ്ഡീഗഡിലെ മണിമജ്ര പട്ടണത്തിൽ നിന്നാണ് വീഡിയോ. സ്‌കൂളില്‍ നിന്ന് സ്ഥലം മാറി പോകുന്ന അധ്യാപികയെ കണ്ണീരോടെ യാത്രയാക്കുന്ന വിദ്യാര്‍ഥികളെയും അവരെ സമാധാനിപ്പിക്കാന്‍ പാടുപെടുന്ന അധ്യാപികയെയും ദൃശ്യങ്ങളില്‍ കാണാം.
ഇന്ദിര കോളനിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന രാജ് വകില്‍ സിങിനാണ് വികാരധീനമായ യാത്രയയപ്പ് ലഭിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ദിര കോളനിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിരുന്ന രാജ് വകില്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു എന്ന് സ്‌കൂളിലെ മറ്റ് അധ്യാപകര്‍ പറഞ്ഞു. രാജ് വകിൽ സിങിനെ സർക്കാർ ഹൈസ്‌കൂൾ സെക്‌ടർ-26ലേക്കാണ് സ്ഥലം മാറ്റിയത്.