തേസ്‌പൂര്‍: പനംപട്ടയും പഴക്കുലയുമെല്ലാം തിന്നു മടുത്തു... ഇനി അല്‍പം പാനിപൂരി കഴിച്ചേക്കാം... കാലങ്ങളായി പനംപട്ടയും തേങ്ങയും വാഴപ്പിണ്ടിയും മാത്രമാണ് തീറ്റ. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി പാനിപൂരി കഴിക്കുന്ന ആനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
അസമിലെ തേസ്‌പൂരിലെ തെരുവില്‍ നിന്നുള്ള കാഴ്‌ചയാണിത്. വഴിയോരത്തെ തട്ടുകടയിലെത്തി ശാന്തനായി നിന്ന് ചൂടോടെ പാനിപൂരി കഴിക്കുന്ന ആന. മസാലയില്‍ മുക്കി ഓരോന്ന് ഓരോന്നായി വായിലേക്ക് വച്ച് കൊടുക്കുന്ന തട്ടുകാരനെയും വീഡിയോയില്‍ കാണാം. എരിവും പുളിയും മധുരം ചേര്‍ന്ന പാനിപൂരി ആന ആസ്വദിച്ച് കഴിക്കുന്നുമുണ്ട്.
വഴിവക്കില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ വഴിയാത്രക്കാരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തത്. നൂറുകണക്കിന് പേരാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോക്ക് ലൈക്കും കമന്‍റുമായെത്തിയത്.