മുംബൈ: ശിവസേനയുടെ ഉദ്ദവ് താക്കറെ വിഭാഗത്തിനും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനും പുതിയ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കത്തിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച വിവരം ഇരുവിഭാഗത്തിനും കൈമാറിയത്. ഇതുപ്രകാരം കത്തുന്ന വിളക്കിന് സമാനമായ 'ദീപശിഖ'യാണ് ഉദ്ദവ് വിഭാഗത്തിന് അനുവദിച്ചിരിക്കുന്നത്. അതേസമയം നാളെ (11.10.2022) രാവിലെ 10 മണിക്ക് മൂന്ന് ചിഹ്നങ്ങളുടെ പുതിയ പട്ടിക സമർപ്പിക്കാന്‍ കമ്മീഷൻ ഷിൻഡെ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
'ത്രിശൂലം', 'ഗദ' എന്നിവയാണ് ഇരു വിഭാഗം ഒരുപോലെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് മതപരമായ അർത്ഥം വെളിവാക്കുന്നുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിക്കുകയായിരുന്നു. ആവശ്യപ്പെട്ട 'ഉദയസൂര്യന്‍' തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡിഎംകെ) സംവരണം ചെയ്തിട്ടുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കൂടാതെ രാഷ്‌ട്രീയ പാർട്ടികൾക്ക് മതപരമായ ചിഹ്നങ്ങൾ നൽകുന്നതിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ കടുത്ത നിലപാട് സ്വീകരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഷിന്‍ഡെ പക്ഷത്തിന് 'ബാലാസാഹെബഞ്ചി ശിവസേന' എന്നും ഉദ്ദവ് പക്ഷത്തിന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എന്ന പേരുമാണ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്നത്.