കൊൽക്കത്ത: ബിജെപി പശ്ചിമ ബംഗാള്‍ നേതാവും നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ എതിര്‍ സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
മുസ്‌ലിം വോട്ടുകൾ ഭിന്നിച്ചുപോകരുതെന്നും സാമുദായിക അടിസ്ഥാനത്തിൽ വോട്ട് ചെയ്യണമെന്നും തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിച്ച മമതയ്ക്കെതിരായും കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. സമാനമായ വിദ്വേഷ പ്രസംഗത്തിന്‍റെ പേരിലാണ് സുവേന്ദുവിനും കമ്മീഷന്‍ നോട്ടീസ് അയച്ചത്.
നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ സുവേന്ദുവിനോടു ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം നടത്തിയ പ്രസംഗത്തിലെ സാമുദായിക പരാമർശളില്‍ രേഖാമൂലം വിശദീകരണം നൽകണം. ഇതില്‍ പരാജയപ്പെട്ടാൽ കൂടുതൽ പരാമർശമില്ലാതെ തീരുമാനമെടുക്കുമെന്ന് കമ്മീഷൻ നോട്ടീസില്‍ പറയുന്നു. സിപിഐ-എംഎൽ കേന്ദ്ര കമ്മിറ്റി അംഗം കവിത കൃഷ്ണൻ നൽകിയ പരാതിയിലാണ് സുവേന്ദുവിനെതിരായ നോട്ടീസ്.
ആരോപണവിധേയമായ പ്രസംഗത്തിന്റെ ആധികാരിക ട്രാൻസ്ക്രിപ്റ്റ് പശ്ചിമ ബംഗാളിലെ ചീഫ് ഇലക്ടറൽ ഓഫീസര്‍ പുറത്തുവിട്ടു. “എനിക്ക് കീർത്തനങ്ങൾ പാടാനും കേൾക്കാനും ഇഷ്ടമാണ്. പുതിയതായി ഒന്നും പറയാനില്ല. മറുവശത്ത് ബീഗം ഞങ്ങളോട് മത്സരിക്കുന്നു. നിങ്ങൾ ബീഗത്തിന് വോട്ട് ചെയ്താൽ അത് ഒരു മിനി പാകിസ്ഥാനായിരിക്കും. നിങ്ങളുടെ പ്രദേശത്ത് ഒരു ദാവൂദ് ഇബ്രാഹിം വന്നിട്ടുണ്ട്. അടുത്തത് ഏത് പൂജയാണ്? രാംനബാമി. രാംചന്ദ്ര മാ, ദുർഗയെ ഏത് പുഷ്പത്തോടെയാണ് ആരാധിച്ചത്? അതിനാൽ നിങ്ങൾ എല്ലാവരും താമരയ്ക്ക് വോട്ട് ചെയ്യണം." മമതയെ ബീഗമെന്ന് വിശേഷിപ്പിച്ച് അധികാരി നടത്തിയ വിദ്വേഷ പ്രസംഗം ഇങ്ങനെയായിരുന്നു.