ന്യൂഡൽഹി: ശിവസേനയിൽ ഷിൻഡെ-താക്കറെ വിഭാഗങ്ങൾ തമ്മിലുള്ള 'ചിഹ്ന' പോര് കൊടുമ്പിരി കൊണ്ട് നിൽക്കെ പാർട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. അന്ധേരി ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ശിവസേന എന്ന പാർട്ടിയുടെ പേരും 'അമ്പും വില്ലും' ചിഹ്നവും ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ശനിയാഴ്‌ച (ഒക്‌ടോബർ 8) ഇടക്കാല ഉത്തരവിറക്കിയത്. ഇതോടെ ചിഹ്നം ഉപയോഗിക്കുന്നതിനുള്ള അനുവാദം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനും മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിഭാഗത്തിനും നിഷേധിച്ചിരിക്കുകയാണ്.
കൂടാതെ തെരഞ്ഞെടുപ്പിനായി കമ്മിഷൻ വിജ്ഞാപനം ചെയ്യുന്ന സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിൽ നിന്ന് ഏതെങ്കിലും വ്യത്യസ്‌ത ചിഹ്നങ്ങൾ ഇരുകൂട്ടർക്കും തെരഞ്ഞെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്. അതനുസരിച്ച്, ഒക്‌ടോബർ 10ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പായി ഇരുകൂട്ടരും ഹാജരാകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. അന്ധേരി ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ 'അമ്പും വില്ലും' ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഇടക്കാല ഉത്തരവ്.
പാർട്ടി ചിഹ്നം വിഷയത്തിൽ എതിരാളികളായ ഷിൻഡെ വിഭാഗത്തിന്‍റെ അവകാശവാദത്തിൽ ഉദ്ധവ് താക്കറെ വിഭാഗം നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നൽകിയിരുന്നു. ഉദ്ധവ് താക്കറെ പക്ഷത്തുനിന്നും 40 എംഎൽഎമാരുമായുള്ള വിമതനീക്കത്തിന് പിന്നാലെ ബിജെപിയുമായി സഹകരിച്ച ഷിൻഡെ സർക്കാർ രൂപീകരിച്ച് നാല് മാസത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ്.