റാഞ്ചി : ജാർഖണ്ഡിൽ ഹോളി ആഘോഷത്തെ തുടർന്ന് മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ 65 കാരിയെ മർദിച്ച് കൊലപ്പെടുത്തി. ബൽബദ്ദ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അമോർ നിമ ഗ്രാമത്തിൽ ബുധനാഴ്‌ചയാണ് (08.03.2023) നടുക്കുന്ന സംഭവം. ഗോഡ സ്വദേശിനിയായ ദുച്ചി ദേവിയാണ് മരണപ്പെട്ടത്.
ഗുണ്ടായിസം എതിർത്തതിന് ക്രൂര മർദനം: ഇന്നലെ നടന്ന ഹോളി ആഘോഷത്തിനിടെ ബലമായി നിറങ്ങൾ തേയ്‌ക്കാൻ ശ്രമിച്ചവരെ എതിർത്തതിനാണ് വയോധികയെ സംഘം മർദിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം പ്രതികളും വൃദ്ധയും തമ്മിൽ മുൻപ് ശത്രുതകൾ ഒന്നും തന്നെ ഇല്ലെന്ന് ദുച്ചി ദേവിയുടെ മകൻ മുരാരി സിങ് പറഞ്ഞു. ഗുണ്ടായിസത്തെ എതിർത്തതിനാണ് അമ്മയെ മദ്യപിച്ചെത്തിയ സംഘം ആക്രമിച്ചത്.
മർദനത്തിൽ അമ്മ മരണപ്പെട്ടെന്ന് മനസിലാക്കിയപ്പോൾ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇതേ ഗ്രാമത്തിൽ തന്നെയുള്ള പപ്പു മണ്ഡൽ, ലളിത് മണ്ഡൽ, സുഭാഷ് മണ്ഡൽ, ഹീരാലാൽ മണ്ഡൽ, രഞ്‌ജിത് മണ്ഡൽ, നീലം ദേവി എന്നിവരാണ് ദുച്ചി ദേവിയെ മർദിച്ചതെന്നും മുരാരി സിങ് ആരോപിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്.
ആൾക്കൂട്ടക്കൊലകൾ നിത്യ സംഭവം: കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് ബൽബദ്ദ പൊലീസ് ഉദ്യോഗസ്ഥൻ ഗിർധർ ഗോപാൽ പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസങ്ങളായി നടക്കുന്ന ഹോളി ആഘോഷത്തിൽ രാജ്യമെമ്പാടുമുള്ളവർ നിറങ്ങൾ ചാർത്തി സന്തോഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് ചിലയിടങ്ങളിൽ ഇത്തരത്തിലുള്ള അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആൾക്കൂട്ടക്കൊലകൾ നിത്യസംഭവം എന്ന നിലയിൽ വർധിച്ചുവരുന്ന സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളത്.
ഛപ്രയിലെ ആള്‍ക്കൂട്ടക്കൊല: നിരോധിത മാംസം കയ്യിൽ കരുതിയെന്നാരോപിച്ച് ബിഹാറിലെ ഛപ്ര ജില്ലയിൽ ചൊവ്വാഴ്‌ച (07.03.2023) യുവാവിനെ ജനക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയിരുന്നു. സിവാൻ ജില്ലയിലെ നസീബ് ഖുറേഷിയാണ് കൊല്ലപ്പെട്ടത്. നിരോധിത മാംസം കയ്യിൽ കരുതിയെന്ന സംശയത്തിൽ, മസ്‌ജിദിലെത്തിയ നസീബിനേയും സഹോദരീ പുത്രനെയും ജനക്കൂട്ടം വളഞ്ഞ് വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നസീബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മോഷണം ആരോപിച്ച് ജനക്കൂട്ടം മർദിച്ചു: ബിഹാറിലെ ഗയ ജില്ലയിലും സമാന രീതിയിലുള്ള കൊലപാതകം നടന്നിരുന്നു. ആഴ്‌ചകൾക്ക് മുൻപ് മോഷണശ്രമം ആരോപിച്ച് ജനക്കൂട്ടം മൂന്ന് യുവാക്കളെ ആക്രമിച്ചിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബാബർ എന്നയാൾ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവർ മഗധ് ആശുപത്രിയിൽ ചികിത്സയിലാണ്.