റാഞ്ചി : ജാർഖണ്ഡിൽ ഭിന്നശേഷിക്കാരനായ യുവാവ് (Differently-Abled Man) ഓടിച്ച കാർ ഇടിച്ച് കാൽനടയാത്രക്കാരിയായ വയോധികയ്‌ക്ക് പരിക്ക് (Elderly Woman Hit And Dragged By Car). അപകടത്തിൽ കാൽ കാറിനിടയിൽ കുടുങ്ങിയ വയോധികയെ യുവാവ് 100 മീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴച്ചു. സറൈതാൻഡ് സ്വദേശിനി ശകുന്തള ദേവി (67) ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
തലസ്ഥാനത്തെ മൊറാബാദി മൈതാനിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മൊറാബാദി ഗ്രൗണ്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ കാർ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ശകുന്തള ദേവിയുടെ കാൽ കാറിനിടയിൽ കുടുങ്ങി. എന്നാൽ, അവരെ രക്ഷിക്കുന്നതിന് പകരം ഡ്രൈവർ കാറിന്‍റെ വേഗത കൂട്ടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഇക്കാരണത്താൽ വണ്ടിയിൽ കുടുങ്ങിപ്പോയ വയോധികയെ ഡ്രൈവർ ഏറെ ദൂരം റോഡിലൂടെ വലിച്ചിഴച്ചു. തുടർന്ന് നാട്ടുകാർ കാർ തടഞ്ഞ് നിർത്തിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്. ശകുന്തള ദേവിയെ ഉടൻ തന്നെ പൊലീസിന്‍റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. ഇവർ പരിക്കുകളോടെ ചികിത്സയിലാണ്.
അതേസമയം, കാർ ഓടിച്ചിരുന്നത് ഭിന്നശേഷിക്കാരനായ ഡ്രൈവറായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജനക്കൂട്ടം പിടികൂടി മർദിച്ചിരുന്നു. പിന്നാലെ, പൊലീസ് എത്തിയാണ് ഡ്രൈവറെ ജനങ്ങളുടെ കയ്യിൽ നിന്നും രക്ഷപ്പെടുത്തിയത്. കാർ ഡ്രൈവർ ബാങ്ക് ജീവനക്കാരനാണെന്നാണ് സൂചന.