ലത്തേഹാർ: ഝാർഖണ്ഡിലെ ലത്തേഹാർ ജില്ലയിലെ ചാന്ദ്‌വ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ച് വൃദ്ധ ദമ്പതികളെ നാട്ടുകാർ തല്ലിക്കൊന്നു. കേസിൽ പത്തോളം ഗ്രാമീണരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ചാന്ദ്‌വ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഫൈസൽ ഗ്രാമത്തിലെ താമസക്കാരായ സിബൽ ഗഞ്ചു, ഭാര്യ ബോണി ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവം നടന്നത് ഇങ്ങനെ: സിബൽ ഗഞ്ചു, ഭാര്യ ബോണി ദേവി എന്നിവർ ഫൈസൽ ഗ്രാമത്തിലെ താമസക്കാരാണ്. ഇരുവരും ആഭിചാര ക്രിയകൾ നടത്തിയിരുന്നു എന്ന വിവരം ഗ്രാമവാസികൾക്ക് ലഭിച്ചു. ഇതിനെ തുടർന്ന് ചൊവ്വാഴ്‌ച നടന്ന പഞ്ചായത്ത് യോഗത്തിൽ ദമ്പതികളെ വടികൊണ്ട് അടിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഗ്രാമവാസികളെ ദ്രോഹിക്കാൻ മന്ത്രവാദം നടത്തിയെന്നാരോപിച്ചാണ് ദമ്പതികൾക്കെതിരെ നാട്ടുകാർ സംയുക്തമായി ആക്രമണത്തിന് ഒരുങ്ങിയത്. പഞ്ചായത്തിൽ എടുത്ത തീരുമാനപ്രകാരം ദമ്പതികളെ ഗ്രാമവാസികൾ വടികൊണ്ട് മർദിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ദമ്പതികൾ കൊല്ലപ്പെട്ടു.
സംഭവത്തെ തുടർന്ന് ലോക്കൽ പൊലീസിന് പുറമെ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ നിരവധി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.