സുബര്‍ണപൂര്‍ : കുഴൽക്കിണറിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം. സുബർണപൂർ ജില്ലയിലെ കൈൻഫുല ഗ്രാമത്തിന് സമീപത്തെ 20 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ വയോധികയെ അഗ്നിശമന സേനയും ഒഡിഷ് ദുരന്ത നിവാരണ ദ്രുതകര്‍മ സേനയും ഏറെ സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം ഇങ്ങനെ : തിങ്കളാഴ്‌ച (13.11.2023) ചൂലുണ്ടാക്കാനുള്ള പുല്ല് ശേഖരിക്കാന്‍ ഇറങ്ങിയതായിരുന്നു ദുഖി നായിക്. ഇതിനിടെ ഇവര്‍ അബദ്ധത്തില്‍ കുഴല്‍ കിണറിലേക്ക് വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്‌ച (14.11.2023) രാവിലെ ശബ്‌ദം കേട്ടതോടെയാണ് അതിനകത്ത് ആളുകുടുങ്ങിയതായി ആളുകള്‍ മനസിലാക്കുന്നത്. ഓടിക്കൂടിയവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സോനേപൂര്‍ ഫയര്‍ ആന്‍റ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ദുരന്ത നിവാരണ ദ്രുതകര്‍മ സേനയും രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി.
Also Read: video: 15 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ പുലിയെ സാഹസികമായി രക്ഷപ്പെടുത്തി
തുടര്‍ന്ന് നീണ്ട 10 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വയോധികയെ സംഘം പുറത്തെത്തിച്ചു. ഉടന്‍ തന്നെ ചികിത്സയ്ക്കായി സുബർണപൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ മരണപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. അതേസമയം കുഴല്‍ക്കിണര്‍ കുഴിച്ച ശേഷം അലക്ഷ്യമായി ഉപേക്ഷിച്ച് പോയത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി സുബര്‍ണപൂര്‍ എസ്‌പി അമരേഷ് കുമാർ പാണ്ഡ അറിയിച്ചു.
എണ്‍പത് മണിക്കൂര്‍ കുഴല്‍ക്കിണറില്‍ കുടുങ്ങി എട്ടുവയസുകാരന്‍ : അടുത്തിടെ മധ്യപ്രദേശിലെ ബേതുൽ ജില്ലയിലുള്ള മാണ്ഡവിയിൽ കുഴൽക്കിണറിൽ വീണ് എട്ടുവയസുകാരൻ മരിച്ചിരുന്നു. കുട്ടിയെ പുറത്തെടുത്ത് ബേതുൽ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. 80 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്നത് കുട്ടിയുടെ ആരോഗ്യനിലയെ ഗുരുതരമായി ബാധിച്ചിരുന്നുവെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
തൻമയ് സാഹു എന്ന എട്ടുവയസുകാരൻ കളിക്കുന്നതിനിടെയാണ് 400 അടി താഴ്‌ചയുള്ള കുഴൽക്കിണറിലേക്ക് വീണത്. ഇതോടെ കുട്ടി കിണറിന്‍റെ 55 അടി താഴ്‌ചയിൽ കുടുങ്ങി കിടക്കുകയായിരുന്നു. മൂത്ത സഹോദരിയാണ് തൻമയ് കുഴൽക്കിണറിൽ വീഴുന്നത് കണ്ടത്. തുടർന്ന് പെൺകുട്ടി വീട്ടിൽ വിവരമറിയിക്കുകയായിരുന്നു.