മുംബൈ: രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്‌ട്രയില്‍ വ്യാഴാഴ്‌ച വിശ്വാസ വോട്ടെടുപ്പ് നടക്കും. ഇതില്‍ പങ്കെടുക്കാനായി ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ സംസ്ഥാനത്തെത്തും. വാര്‍ത്ത ഏജന്‍സിയാണ് ഗുവാഹത്തിയില്‍ ക്യാമ്പ് ചെയ്യുന്ന ഷിന്‍ഡെയെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
ബുധനാഴ്‌ച പുലര്‍ച്ചെ ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്ര സന്ദര്‍ശന സമയത്തായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.''ഔപചാരിക നടപടികൾ പൂർത്തിയാക്കാൻ വ്യാഴാഴ്‌ച മുംബൈയിലേക്ക് മടങ്ങും. മഹാരാഷ്‌ട്രയുടെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ക്ഷേത്രം സന്ദർശിച്ചത്. കാമാഖ്യ അമ്മയുടെ അനുഗ്രഹം തേടിയിട്ടുണ്ട്.''- ഷിന്‍ഡെ പറഞ്ഞു.
അസമിലെ ബി.ജെ.പി എം.എൽ.എ സുശാന്ത ബോർഗോഹെയ്‌നും സഹപ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ഗുവാഹത്തി വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ വിമതര്‍ക്ക് എല്ലാ പിന്തുണയുമായി അദ്ദേഹം കൂടെയുണ്ട്. അതിനിടെ, വ്യാഴാഴ്‌ച നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിന് തയ്യാറെടുക്കാൻ ഗവർണർ ഭഗത് സിങ് കോശ്യാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തെഴുതി.
പ്രത്യേക സഭാസമ്മേളനം വിളിച്ചുചേര്‍ക്കണം. രാവിലെ 11 മണിക്ക് സഭ ചേര്‍ന്ന് വൈകിട്ട് അഞ്ചിന് പൂര്‍ത്തിയാക്കണമെന്നാണ് ബുധനാഴ്‌ച നിര്‍ദേശം നല്‍കിയത്. വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ചൊവ്വാഴ്‌ച ഗവർണറെ കണ്ടിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതിയത്.