ഹൈദരാബാദ്: ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ തോൽവി വഴങ്ങിയതിനെത്തുടർന്ന് തെലങ്കാനയുടെ വിവിധ ഭാഗങ്ങളിലായി 8 വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. പരീക്ഷയുടെ ഫലം വന്നതിന് പിന്നാലെ പരീക്ഷ പാസാകാത്തതിലും മാർക്ക് കുറഞ്ഞതിലും മനംനൊന്താണ് വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തത്. കഴിഞ്ഞ മാസം ആന്ധ്രപ്രദേശിലും സമാനമായ സാഹചര്യത്തിൽ ഒൻപത് വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു.
ജഗിത്തിയാല ജില്ലയിലെ മേഡിപ്പള്ളി സ്വദേശിയായ 16 കാരൻ ജഗിത്തിയാലയിലെ ഒരു സ്വകാര്യ കോളേജിൽ ഇന്‍റർമീഡിയറ്റ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. നാല് വിഷയങ്ങളിൽ തോൽവി വഴങ്ങിയതോടെ വിദ്യാർഥി വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. നിസാമാബാദ് ജില്ലയിലെ അർമൂരിൽ നിന്നുള്ള 17 കാരനാണ് ആത്മഹത്യ ചെയ്‌ത മറ്റൊരു വിദ്യാർഥി. ഹൈദരാബാദിലെ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ഇന്‍റർ ഒന്നാം വർഷ വിദ്യാർഥിയായ ഇയാൾ മൂന്ന് വിഷയങ്ങളിലാണ് പരാജയപ്പെട്ടിരുന്നത്.
തിരുപ്പതി സ്വദേശിയായ മറ്റൊരു വിദ്യാർഥി (17) തോൽവി ഭയന്ന് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ വിദ്യാർഥിയുടെ പരീക്ഷ ഫലം ഇതുവരെ അറിവായിട്ടില്ല. ഹൈദരാബാദിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന ഗഡ്‌വല സ്വദേശിയായ 17 കാരനാണ് ആത്മഹത്യ ചെയ്‌ത മറ്റൊരു വിദ്യാർഥി. പ്രകാശം ജില്ലയിൽ നിന്നുള്ള 17 കാരി ഒരു വിഷയത്തിൽ തോൽവി വഴങ്ങിയതിൽ മനംനൊന്ത് വീട്ടിൽ വച്ച് ആത്മഹത്യ ചെയ്‌തിരുന്നു.
സെക്കന്തരാബാദിലെ വിനായക് നഗർ സ്വദേശിയായ 17 കാരൻ ഒരു വിഷയത്തിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ആത്മഹത്യ ചെയ്‌തത്. ഖൈരതാബാദ് തുമ്മലബസ്തിയിൽ നിന്നുള്ള 17 കാരനാണ് ആത്മഹത്യ ചെയ്‌ത മറ്റൊരു വിദ്യാർഥി. നാരായണപേട്ട ജില്ലയിലെ കോട്ടക്കോട്ടയിൽ നിന്നുള്ള 17 കാരൻ മാർക്ക് കുറഞ്ഞതിനെത്തുടർന്നാണ് ആത്മഹത്യ ചെയ്‌തത്. എംപിസി ഒന്നാം വർഷത്തിൽ 365 മാർക്കായിരുന്നു വിദ്യാർഥി നേടിയിരുന്നത്.
അതേസമയം പട്ടഞ്ചേരിയിൽ ഒരു വിദ്യാർഥിയെ കാണാതായിട്ടുണ്ട്. ബിഡിഎൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിയാണ് പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് വീടുവിട്ടിറങ്ങിയത്. രണ്ട് വിഷയത്തിലായിരുന്നു വിദ്യാർഥി തോൽവി വഴങ്ങിയിരുന്നത്. സഹോദരിയോട് ഉടനെ വരമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും തിരികെ എത്തിയില്ല. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആന്ധ്രയിലും കൂട്ട ആത്മഹത്യ: ഇക്കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു ആന്ധ്രപ്രദേശിലും സമാനമായ സംഭവമുണ്ടായത്. ഇന്‍റർമീഡിയറ്റ് പരീക്ഷ പാസാകാത്തതിനെത്തുടർന്ന് ആന്ധ്രാപ്രദേശിന്‍റെ വിവിധ ഭാഗങ്ങളിലായി ഒൻപത് വിദ്യാർഥികളായിരുന്നു ആത്മഹത്യ ചെയ്‌തത്. ആത്മഹത്യക്ക് ശ്രമിച്ച രണ്ട് കുട്ടികളെ രക്ഷിതാക്കൾ ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
ചിറ്റൂർ ജില്ലയിലെ പുങ്ങനൂർ മണ്ഡലം ഇടവക്കിളി സ്വദേശിനിയായ അനുഷ (17), ചിറ്റൂർ ജില്ലയിലെ ബൈറെഡ്ഡിപള്ളയിലെ ബാബു (17), ആനക്കാപ്പള്ളിയിലെ കരുബോട്ടു തുളസി കിരൺ (17), ശ്രീകാകുളം ജില്ലയിലെ ശാന്തബൊമ്മാലി മണ്ഡലം ദണ്ഡുഗോപാലപുരം ഗ്രാമത്തിലെ ബാലക തരുൺ (17), വിശാഖപട്ടണം സ്വദേശിയായ അത്മകുരു അഖിലശ്രീ (16) വിശാഖ പൽനാട്ടി കോളനി ശ്രീനിവാസനഗർ സ്വദേശി ബോണേല ജഗദീഷ് (18), അനന്തപൂർ ജില്ലയിലെ കണേക്കല്ലു മണ്ഡലത്തിലെ ഹനകനഹൽ ഗ്രാമത്തിലെ മഹേഷ് (17) എൻടിആർ ജില്ലയിലെ നന്ദിഗമ സ്വദേശി ഷെയ്‌ഖ് ജോൺ സൈദ (16), ചില്ലക്കല്ലു സ്വദേശി രമണ രാഘവ എന്നീ വിദ്യാർഥികളാണ് ആത്മഹത്യ ചെയ്‌തത്.