ഹാസൻ (കർണാടക): പുള്ളിപ്പുലികളെ കൊന്ന് നഖവും എല്ലും വിൽക്കാൻ ശ്രമിച്ചവർ പിടിയിൽ. രണ്ടിടത്ത് നടന്ന സമാന സംഭവത്തിൽ എട്ട് പേരാണ് ഹാസൻ പൊലീസിന്‍റെ പിടിയിലായത്. കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂരിലും ആളൂർ വനമേഖലയിലുമാണ് സംഭവങ്ങൾ നടന്നത്.
പെൺപുലിയെ കൊന്ന് കുഴിച്ചിട്ടു; കൊമാരനഹള്ളിയിൽ കന്നുകാലികളെ പിടിക്കാനെത്തിയ മൂന്നോ നാലോ വയസ് പ്രായമുള്ള പെൺപുലിയെ പ്രദേശവാസികളായ രവി, മോഹൻ എന്നിവർ ചേർന്ന് കെണിയിൽ വീഴ്‌ത്തി കൊലപ്പെടുത്തി. പുലിയുടെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ എടിഎം സെക്യൂരിറ്റി ജീവനക്കാരനായ സ്വാമിയുടെ സഹായം പ്രതികൾ തേടി.
നഖവും ചില എല്ലുകളും നീക്കം ചെയ്‌ത ശേഷം മൃതദേഹം കൊമാരനഹള്ളിക്ക് സമീപം സംസ്‌കരിക്കാൻ സ്വാമി നിർദേശിച്ചു. സ്വാമിയാണ് എല്ലുകളും നഖങ്ങളും വിൽക്കാനും സഹായിച്ചത്. തുടർന്ന് ഇത് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂവരും പൊലീസിന്‍റെ പിടിയിലാകുന്നത്.
സമാന സംഭവം ആളൂരിലും; ആളൂർ വനമേഖലയിലെ മാഡിഹള്ളി ഗ്രാമത്തിൽ ഏഴ് മുതൽ എട്ട് വയസ് വരെ പ്രായമുള്ള ആൺപുള്ളിപ്പുലിയെ അഞ്ച് പേർ ചേർന്ന് കൊലപ്പെടുത്തി. മഞ്ചഗൗഡ, മോഹൻ, കണ്‌ഠരാജു, രേണുക കുമാർ, കണ്‌ഠരാജു എന്നിവരെയാണ് അറസ്റ്റ് ചെയ്‌തതെന്ന് ഡെപ്യൂട്ടി എസ്‌പി അറിയിച്ചു.
ഹാസന് സമീപം ദേവരായപട്ടണം ബൈപ്പാസിനു സമീപം പുലിയുടെ നാലു കൈകാലുകളും 18 നഖങ്ങളും വിൽക്കുന്നതിനിടെയാണ് അഞ്ചു പ്രതികളും പിടിയിലായത്. കേസെടുത്ത് പുലിയുടെ നഖങ്ങളും കാലുകളും പിടിച്ചെടുത്തതായി ഡെപ്യൂട്ടി എസ്‌പി വിജയഭാസ്‌കർ അറിയിച്ചു.
പ്രതികൾക്കെതിരെ വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also read: video: കെആർ നഗറിൽ പുള്ളിപ്പുലിയുടെ അഴിഞ്ഞാട്ടം: കൂട്ടിലാകുന്നത് വരെയുള്ള ദൃശ്യങ്ങൾ