ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സാക്ഷരത വകുപ്പും സംയുക്തമായി നടപ്പാക്കുന്ന നിപുണ്‍ ഭാരത് പദ്ധതി ജൂലൈ 5ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ ഉദ്‌ഘാടനം ചെയ്യും. വെർച്വലായാണ് പരിപാടി. പദ്ധതിയെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോയും തീം സോങ്ങും പരിപാടിയിൽ പുറത്തിറക്കും.
2020 ജൂലൈ 29 ന് പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലെ നിര്‍ണായക നടപടിയാണ് നിപുണ്‍ ഭാരത് പദ്ധതി. രാജ്യത്തുള്ള എല്ലാവർക്കും അടിസ്ഥാന വിദ്യഭ്യാസം നല്‍കുക എന്നതാണ് ലക്ഷ്യം.
also read: വിദ്യാഭ്യാസ നയം വിദ്യാർഥികളുടെയും അധ്യാപകരുടെയും കഴിവ് വർധിപ്പിക്കും; രമേശ് പൊഖ്രിയാൽ
ഒപ്പം കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയർത്താനും പദ്ധതി വിഭാവനം ചെയ്യുന്നു. മൂന്നാം ക്ലാസ് കഴിയുമ്പോഴേക്കും വായന, എഴുത്ത്, കണക്ക് എന്നിവയിൽ കുട്ടികള്‍ക്ക് അടിസ്ഥാന ധാരണയുണ്ടെന്ന് ഉറപ്പാക്കും.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്‌കൂളുകളിൽ പദ്ധതിയെത്തിക്കും. ദേശീയ - സംസ്ഥാന - ജില്ല - ബ്ലോക്ക് - സ്കൂൾ എന്നിങ്ങനെ അഞ്ച് തലങ്ങളിലാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.