കൊൽക്കത്ത: അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി മുഖം മിനുക്കാനൊരുങ്ങി കൊൽക്കത്തയിലെ ചരിത്ര പ്രസിദ്ധമായ ഈഡൻ ഗാർഡൻ സ്റ്റേഡിയം. പുതിയ രൂപരേഖയ്ക്ക് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്‍റെ (സിഎബി) അപെക്‌സ് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഈ വർഷം അവസാനത്തോടെ പണികൾ പൂർത്തിയാകുമെന്നും പ്രസിഡന്‍റ് അവിഷേക് ഡാൽമിയ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയമായാണ് ഈഡൻ ഗാർഡൻസ് കണക്കാക്കപ്പെടുന്നത്. സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരം നിലനിർത്തുന്നതിന് ക്ലബ്ബ് ഹൗസിന്‍റെ ഇന്‍റീരിയർ, കളിക്കാരുടെ ഡ്രസ്സിങ് റൂമുകൾ, മീഡിയ സെന്‍റർ എന്നിവ ആദ്യഘട്ടത്തിൽ പുതുക്കി പണിയാൻ ഞങ്ങൾ തീരുമാനിച്ചു. അവിഷേക് ഡാൽമിയ പറഞ്ഞു.
ടെൻഡറുകൾ ഇതിനകം നൽകിക്കഴിഞ്ഞു. ഡിസൈനുകൾക്ക് അപെക്സ് കൗൺസിൽ അംഗീകാരം നൽകി. ഈ വർഷം അവസാനത്തോടെ കൂടുതൽ ഗംഭീരവും ആധുനികവുമായ രീതിയിൽ ഈഡൻ ഗാർഡനെ മാറ്റിയെടുക്കും. ക്ലബ് ഹൗസിന്‍റെ താഴത്തെ നിര സീറ്റുകളുടെ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ഗാലറിയുടെ എഫ്, ജി, എച്ച് സ്റ്റാൻഡുകളിലും മേൽക്കൂരകൾ സ്ഥാപിക്കുന്നുണ്ട്. അവിഷേക് ഡാൽമിയ കൂട്ടിച്ചേർത്തു.