ചെന്നൈ : കാവേരി നദീജല തർക്കത്തിൽ (Cauvery Row) ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച് എഐഎഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി (AIADMK chief Edappadi K Palaniswami). മുഖ്യമന്ത്രി എം കെ സ്‌റ്റാലിന് (Chief Minister M K Stalin) തമിഴ്‌നാട്ടിലെ ജനങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ടോ എന്ന് പളനിസ്വാമി ചോദിച്ചു. ദീർഘ വീക്ഷണമില്ലാത്ത മുഖ്യമന്ത്രി എന്നാണ് അദ്ദേഹത്തെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി പരിഹസിച്ചത്.
ജൂൺ 12 ന് സേലത്തെ മേട്ടൂർ അണക്കെട്ടിൽ (Mettur Dam) നിന്ന് സർക്കാർ വെള്ളം തുറന്നുവിട്ടു. സർക്കാരിന്‍റെ ഉറപ്പ് വിശ്വസിച്ച് കാവേരി ഡെൽറ്റ മേഖലയിലെ ഒന്നര ലക്ഷത്തോളം കർഷകർ അഞ്ച് ലക്ഷം ഏക്കർ ഭൂമിയിൽ ഹ്രസ്വകാല കൃഷി ചെയ്യാൻ ആരംഭിച്ചു. എന്നാൽ, ആവശ്യത്തിന് വെള്ളം ലഭിക്കാതെ 3.50 ലക്ഷം ഏക്കറിലെ വിളകൾ ഉണങ്ങിക്കരിഞ്ഞു. ബാക്കിയുള്ള കൃഷി കിണർ ജലസേചനത്തിലൂടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും പളനിസ്വാമി പ്രസ്‌താവനയിലൂടെ പറഞ്ഞു.
കാര്യക്ഷമമായി ഭരണം നടത്താൻ ഡിഎംകെ സർക്കാരിനറിയില്ല. മേട്ടൂർ അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ച് നിയമപ്രകാരം ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കർണാടകയിൽ നിന്നുള്ള കാവേരി ജലത്തിൽ തമിഴ്‌നാടിന്‍റെ വിഹിതം ഉറപ്പാക്കണമായിരുന്നു. എന്നാൽ അത് നടന്നില്ല. കർഷകർ കഷ്‌ടപ്പെടുമ്പോൾ ഡിഎംകെ സർക്കാർ ഉറങ്ങുകയായിരുന്നു.
ആശങ്ക അറിയിക്കാനുള്ള അവസരങ്ങൾ മുഖ്യമന്ത്രി പ്രയോജനപ്പെടുത്തുന്നില്ല : പ്രശ്‌നങ്ങൾ വരുമ്പോൾ കേന്ദ്രത്തിന് നേരെ വിരൽ ചൂണ്ടുകയല്ലാതെ കാര്യക്ഷമമായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും പളനിസ്വാമി ആരോപിച്ചു. സർക്കാരിന് സംസ്ഥാനത്തെ ജനങ്ങളുടെ കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നെങ്കിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്‍റെ സത്യപ്രതിജ്‌ഞ ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിലേക്ക് പോയപ്പോൾ ഈ വിഷയം ചർച്ച ചെയ്യാമായിരുന്നു. കർണാടകയിൽ മതിയായ ജലം ഉള്ള സ്ഥിതിക്ക് അദ്ദേഹത്തിന് സൗഹൃദ ചർച്ചകൾ നടത്തിയ തമിഴ്‌നാട്ടിലെ കർഷകരെ സഹായിക്കാമായിരുന്നെന്നും പളനിസ്വാമി പറഞ്ഞു.
കർണാടകയിലെ കോൺഗ്രസിനെ സ്‌റ്റാലിൻ പിന്തുണക്കുന്നതെന്തിന് വേണ്ടി : ഇന്ത്യ സഖ്യത്തിൽ തന്‍റെ പാർട്ടിയുടെ പങ്കാളിത്തത്തിന് വ്യവസ്ഥയായി കാവേരി നദിയിലെ വെള്ളം ആവശ്യപ്പെടാമായിരുന്നു. ബെംഗളൂരുവിൽ നടന്ന ഇന്ത്യ സഖ്യത്തിന്‍റെ സമ്മേളനത്തിലും ഇക്കാര്യം സ്‌റ്റാലിന് വിഷയമാക്കാമായിരുന്നെന്നും പളനിസ്വാമി പറഞ്ഞു. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ ഡിഎംകെ പിന്തുണയ്‌ക്കുന്നത് തങ്ങളുടെ കുടുംബത്തിന്‍റെ ബിസിനസുകൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ്.
ഇപ്പോഴെങ്കിലും കർഷകരോടുള്ള കരുതൽ ഈ സർക്കാർ കാണിക്കണമെന്നും സർവകക്ഷിയോഗം വിളിച്ച് കാവേരി വിഷയത്തിൽ തമിഴ്‌നാടിന്‍റെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച് സംസ്ഥാനത്തിനാവശ്യമായ ജലം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.