ഹൈദരാബാദ്: കാസിനോകള്‍ കേന്ദ്രീകരിച്ച് വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സംഘത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി). ഹൈദരബാദിലെ കാസിനോ ഇടനിലക്കാരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തി. വിദേശനാണയ വിനിമയ ചട്ടം പ്രകാരമാണ് ഇഡിയുടെ നീക്കം.
കഴിഞ്ഞ ദിവസമാണ് കാസിനോ ഇടനിലക്കാരായ ചിക്കോട്ടി പ്രവീണ്‍, മാധവ് റെഡ്ഡി എന്നിവരുടെ വീടുകളില്‍ പരിശോധന നടന്നത്. ഇരുവരും ചേര്‍ന്ന് അതിസമ്പന്നരായ ആളുകളെ നേപ്പാള്‍ അതിര്‍ത്തിയിലെ കാസിനോകളില്‍ എത്തിക്കുന്നതാണ് രീതി. ഇവര്‍ക്ക് നേപ്പാളിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ്, കാസിനോകളിലെ താമസം, ഭക്ഷണം, മദ്യം, മറ്റ് ലഹരികള്‍ എന്നിവ സംഘം ഒരുക്കി നല്‍കുമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഇവിടെ എത്തുന്നവര്‍ക്ക് കാസിനോകളില്‍ ചൂതാട്ടം നടത്തി പണമുണ്ടാക്കാം. ഇത്തത്തില്‍ ലഭിക്കുന്ന കള്ളപ്പണം വെളുപ്പിച്ച് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇരുവരും ഇടനിലക്കാരാണെന്നാണ് കണ്ടെത്തല്‍. മൂന്ന് ലക്ഷമാണ് വിമാനടിക്കറ്റും താമസവും അടക്കം കാസിനോകളില്‍ തങ്ങാനുള്ള ചെലവായി ഇവര്‍ ഈടാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ടോളിവുഡ്, ബോളിവുഡ് നടന്മാരായ 10 പേരുടെ വിവരങ്ങള്‍ ഇഡി തിരയുന്നുണ്ട്.
വൻ സ്രാവുകൾക്ക് പിന്നിലെ ചിക്കോട്ടി പ്രവീണും മാധവ് റെഡ്ഡിയും: പ്രവീണിന്‍റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ഇദ്ദേഹത്തിന്‍റെ ലാപ്ടോപ്പും മറ്റ് സാമ്പത്തിക വിവരങ്ങളും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. അടുത്തിടെ പ്രവീണ്‍ നേപ്പാളില്‍ പോകുകയും ഇവിടെ വച്ച് പ്രമുഖ നടന്മാര്‍ക്കൊപ്പം കാസിനോകളില്‍ സമയം പങ്കിടുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുയും ചെയ്തിരുന്നു. ഇവിടെ വച്ച് നടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍ ലഹരിയായ ഹെറോയിന്‍ ഉപയോഗിക്കുന്നതും ചൂതാട്ടം നടത്തുന്നതും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. തന്‍റെ ബിസിനസിന്‍റെ പരസ്യം എന്ന നിലയിലാണ് ഇദ്ദേഹം ഈ വിഡിയോകള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിേയാകള്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ ഇഡി അന്വേഷണം ആരംഭിക്കുകയായിരുന്നു.
അതിനിടെ ജനുവരിയില്‍ പ്രവീണിന്‍റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കാസിനോയില്‍ നടത്തിയ പരിപാടിയില്‍ നിരവധി സിനിമ താരങ്ങളും രാഷ്ട്രീയക്കാരും അടക്കം പങ്കെടുത്തിരുന്നു. ഇതിന്‍റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ചിക്കോട്ടി പ്രവീണ്‍, മാധവ് റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നേപ്പാള്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ കാസിനോകളിലേക്കും ആളുകളെ എത്തിച്ചിട്ടുണ്ട്. ഇരുവര്‍ക്കും അന്വേഷണത്തില്‍ സഹകരിക്കാന്‍ നോട്ടീസ് നല്‍കിയതായി ഇഡി അറിയിച്ചു. ഇരുവരുടേയും വിദേശ പണമിടപാടികളും യാത്രകളും ഇഡി നിരീക്ഷിക്കുന്നുണ്ട്.
Also Read: സ്വകാര്യ സ്ഥലത്ത് ചൂതാട്ടം; തെലങ്കാന മന്ത്രിയുടെ സഹോദരൻ പിടിയിൽ