ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്‌തു. ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
കേസുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഏപ്രിലില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ 7.27 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ആൾമാറാട്ടം നടത്തി ഡൽഹിയിലെ വ്യവസായിയുടെ ഭാര്യയിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് സുകേഷ് ജാക്വിലിന് 5.71 കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് മുന്‍പും നടിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്‌തിരുന്നു.
തട്ടിപ്പിലൂടെ ലഭിച്ച പണം വിദേശത്ത് നിക്ഷേപിച്ചതിന്‍റെ സാധ്യതകളെ കുറിച്ചും ഇ.ഡി പരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് 2021 ഡിസംബറിലാണ് ജാക്വിലിനെ ഇ.ഡി ആദ്യമായി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഗൂഢാലോചന, വഞ്ചന, പണം തട്ടിയെടുക്കൽ എന്നിവ ചുമത്തി ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമർപ്പിച്ച എഫ്.ഐ.ആറിനെ അടിസ്ഥാനമാക്കിയാണ് ഇ.ഡി കേസെടുത്തിരിക്കുന്നത്.
വ്യവസായിയായ ശിവീന്ദർ മോഹൻ സിങിന്‍റെ ഭാര്യ അദിതി സിങിനെ കബളിപ്പിച്ച് സുകേഷ് ചന്ദ്രശേഖര്‍ 200 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സുകേഷ് ചന്ദ്രശേഖർ, ഭാര്യയും നടിയുമായ ലീന മരിയ പോള്‍ ഉള്‍പ്പെടെ എട്ട് പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. സുകേഷ് ചന്ദ്രശേഖർ, ഭാര്യ ലീന മരിയ പോൾ, സഹായികളായ ദീപക് രാംദാനി, പ്രദീപ് രാംദാനി എന്നിവർക്കെതിരെ ഇ.ഡി രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
Also read: ഫാഷന്‍ ഹരം, വശ്യസുന്ദരം ; കണ്ണഞ്ചും പോസുകളില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസ്