ജയ്‌പൂര്‍ : മണിപ്പൂരില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി വാങ്ങിയ ഇഡി ഉദ്യോഗസ്ഥനും കൂട്ടാളിയും അറസ്റ്റില്‍. നോര്‍ത്ത് ഈസ്റ്റ് ഇംഫാലിലെ ഇഡി ഓഫിസറും വിമല്‍പുര സ്വദേശിയുമായ നവൽ കിഷോർ മീണയും കൂട്ടാളിയായ ബാബുലാലുമാണ് പിടിയിലായത്. ഇന്നാണ് (നവംബര്‍ 2) ഇരുവരെയും രാജസ്ഥാനിലെ എസിബി (Anti-Corruption Bureau) അറസ്റ്റ് ചെയ്‌തത്.
ചിട്ടി ഫണ്ട് തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാനായി കുറ്റാരോപിതനില്‍ നിന്നും 15 ലക്ഷം രൂപ കൈപ്പറ്റിയെന്നതാണ് കേസ്. കൂട്ടാളിയെ ഇടനിലക്കാരനാക്കിയാണ് നവല്‍ കിഷോര്‍ മീണ തുക കൈപ്പറ്റിയത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 17 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നതെന്ന് എസിബി ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ കണ്ടെത്തി (Bribe Case In Manipur).
അറസ്റ്റിലായ ഇരുവരെയും ജയ്‌പൂരിലെ എസിബി ആസ്ഥാനത്ത് ചോദ്യം ചെയ്‌ത് വരികയാണ്. സംഭവത്തില്‍ നിരവധി സ്ഥലങ്ങളിലേക്ക് സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് ഒഴിവാക്കാനും സ്വത്ത് കണ്ടുകെട്ടാതിരിക്കാനുമായാണ് ഇഡി ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതെന്ന് രാജസ്ഥാന്‍ ആന്‍റി കറപ്‌ഷന്‍ ബ്യൂറോ ഔദ്യോഗിക പ്രസ്‌താവനയില്‍ അറിയിച്ചു (Manipur ED Officer Case).
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് സംഘം. മുണ്ടവാറിലെ സബ് രജിസ്‌ട്രാര്‍ ഓഫിസിലെ ജൂനിയര്‍ അസിസ്റ്റന്‍റാണ് നവല്‍ കിഷോറിന്‍റെ കൂട്ടാളിയായ ബാബുലാല്‍.
കൊല്ലത്തും കൈക്കൂലി കേസ് : കൊല്ലം തിങ്കള്‍ക്കരിയ്‌ക്കം വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് സമാനമായ വാര്‍ത്ത പുറത്തുവന്നത്. കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയിലായി. വില്ലേജ് അസിസ്റ്റന്‍റ് സുജിമോനാണ് അറസ്റ്റിലായത്.
തിങ്കള്‍ക്കരിയ്‌ക്കം സ്വദേശിയായ ഷാജിയില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി കൈപ്പറ്റിയത്. ഏരൂര്‍ ജങ്‌ഷനില്‍ വച്ച് 15,000 രൂപയാണ് ഇയാള്‍ വാങ്ങിയത്. തുക കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്.
ഷാജിയുടെ സഹോദരിയുടെ വസ്‌തു പോക്കുവരവ് ചെയ്‌ത രേഖ നല്‍കാനാണ് പണം ആവശ്യപ്പെട്ടത്. രേഖയ്‌ക്ക് വേണ്ടി നിരവധി തവണ സഹോദരി വില്ലേജ് ഓഫിസില്‍ കയറിയിറങ്ങിയെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇടനിലക്കാരന്‍ വഴി സുജിമോന്‍ തുക കൈപ്പറ്റിയത്.
also read: കൈക്കൂലി കേസ്; മഹുവ മൊയ്‌ത്ര ഇന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍
ഇടനിലക്കാരനായ ഏരൂര്‍ സ്വദേശിയേയും വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വില്ലേജ് ഓഫിസില്‍ കൈക്കൂലി നല്‍കാതെ യാതൊരു കാര്യവും നടക്കില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഡിവൈഎസ്‌പി പറഞ്ഞു.