ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പ്രമുഖ ചൈനീസ് സ്‍മാർട്ട് ഫോൺ നിർമാതാക്കളായ വിവോയ്‌ക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ED Files First Charge Sheet Against Chinese Smartphone Maker Vivo India Others). കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരം ഇന്നലെയാണ് (ബുധൻ) പ്രത്യേക കോടതിയിൽ ഇഡി കുറ്റപത്രം ഫയൽ ചെയ്‌തത്.
കേസിൽ നേരത്തെ അറസ്‌റ്റിലായവർക്കൊപ്പം വിവോ ഇന്ത്യയെയും പ്രതിയായി ചേർത്തിട്ടുണ്ടെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരം. അന്വേഷണത്തിൽ നാലുപേരാണ് അറസ്‌റ്റിലായത്. ലാവ ഇന്‍റർനാഷണൽ മൊബൈൽ കമ്പനിയുടെ എംഡി ഹരി ഓം റായി (Hari Om Rai, MD, Lava International Mobile Company), ചൈനീസ് പൗരനായ ഗ്വാങ്‌വെൻ എന്ന ആൻഡ്രൂ കുവാങ്, ചാർട്ടേഡ് അക്കൗണ്ടന്‍റുമാരായ നിതിൻ ഗാർഗ്, രാജൻ മാലിക് എന്നിവരാണ് അറസ്‌റ്റിലായവർ. നാല് പേരുടെയും പ്രവർത്തികൾ വിവോ കമ്പനിക്ക് ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാക്കാൻ സഹായകമായെന്ന് ഇഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് ഇഡി വിവോ ഇന്ത്യയിലടക്കം വ്യാപക റെയ്‌ഡ് നടത്തിയത് (ED Raid at Vivo India). റെയ്‌ഡിൽ ഏതാനും ചൈനീസ് പൗരന്മാരും, ഒന്നിലധികം ഇന്ത്യൻ കമ്പനികളും ഉൾപ്പെട്ട വലിയ കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റ് തകർക്കാനായതായി ഇഡി അവകാശപ്പെട്ടിരുന്നു. ഇന്ത്യയിൽ നികുതി അടയ്ക്കാതിരിക്കാൻ വിവോ കമ്പനി ചൈനയിലേക്ക് 62,476 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്‌തതായും ഇഡി ആരോപിച്ചിരുന്നു.
വിവോയുടെ അനുബന്ധ കമ്പനിയായ ഗ്രാൻഡ് പ്രോസ്‌പെക്‌ട് ഇന്‍റർനാഷണൽ കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് (Grand Prospect International Communication Pvt Ltd), അതിന്‍റെ ഡയറക്‌ടർമാർ, ഓഹരി ഉടമകൾ, തുടങ്ങിയവർക്കെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഇസിഐആർ (ECIR) ഫയൽ ചെയ്‌തിരുന്നു. പൊലീസിന്‍റെ എഫ്ഐആറിന് (Police FIR) സമമാണ് ഇഡിയുടെ ഇസിഐആർ.
കഴിഞ്ഞ ഡിസംബറിൽ ഡൽഹി പൊലീസ് ഇവർക്കെതിരെ ഫയൽ ചെയ്‌ത എഫ്‌ഐആർ പഠിച്ചതിന് ശേഷമാണ് ഇഡി ഇസിഐആർ ഫയൽ ചെയ്‌തത്. കമ്പനി തുടങ്ങിയ സമയത്ത് ജിപിഐസിപിഎല്ലും (GPCIL) അതിന്‍റെ ഓഹരി ഉടമകളും "വ്യാജ" തിരിച്ചറിയൽ രേഖകളും "വ്യാജ" വിലാസങ്ങളും ഉപയോഗിച്ചെന്ന് കാട്ടി കോർപ്പറേറ്റ് കാര്യ മന്ത്രാലയം പോലീസ് നല്‍കിയ പരാതിലാണ് അന്ന് എഫ്ഐആര്‍ ഇട്ടത്.
അതേസമയം തനിക്ക് കേസുമായി ബന്ധമില്ലെന്നാണ് അറസ്റ്റിലുള്ള ലാവ ഇന്‍റർനാഷണൽ മൊബൈൽ കമ്പനിയുടെ എംഡി ഹരി ഓം റായിയുടെ നിലപാട്. തന്‍റെ കമ്പനിയും വിവോ ഇന്ത്യയും ഒരു ദശാബ്‌ദത്തിന് മുൻപ് ഇന്ത്യയിൽ സംയുക്ത സംരംഭം തുടങ്ങാൻ ചർച്ചകൾ നടത്തിയിരുന്നെങ്കിലും 2014 മുതൽ ചൈനീസ് സ്ഥാപനവുമായോ അതിന്‍റെ പ്രതിനിധികളുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്ന് റായ് അടുത്തിടെ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
Also Read: കൈക്കൂലി കേസ്; മധുരയിലെ ഇഡി ഓഫിസില്‍ വിജിലന്‍സ് റെയ്‌ഡ്
റായിക്ക് സാമ്പത്തിക നേട്ടമൊന്നും ലഭിച്ചിട്ടില്ലെന്നും, വിവോയുമായോ അവരുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനവുമായോ ഏതെങ്കിലും ഇടപാടിൽ ഏർപ്പെട്ടിട്ടില്ലെന്നും റായിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചിരുന്നു. വിവോ മാത്രമാണ് കുറ്റകൃത്യവുമായി ബന്ധപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.