ന്യൂഡല്‍ഹി: നാളത്തെ ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയുടെ മേശപ്പുറത്ത് വച്ചു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് സാമ്പത്തിക സര്‍വേ വിലയിരുത്തുന്നു. വാങ്ങല്‍ ശേഷിയുടെ (പര്‍ച്ചേസിങ് പവര്‍ പരിറ്റി) അടിസ്ഥാനത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാണ്.
വിനിമയനിരക്കിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയും. കൊവിഡ് കാലത്ത് നഷ്‌ടപ്പെട്ട മൂല്യം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുപിടിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 6.8 ശതമാനം പണപ്പെരുപ്പം സ്വകാര്യ ഉപഭോഗം തടയാന്‍ മാത്രം കൂടുതലോ നിക്ഷേപം ദുര്‍ബലപ്പെടുത്താന്‍ മാത്രം കുറവോ അല്ല. അതേസമയം പലിശനിരക്ക് ഉയര്‍ന്ന് തന്നെ തുടര്‍ന്നേക്കാം.
സമ്പദ്‌വ്യവസ്ഥയിലെ വെല്ലുവിളികള്‍: യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഇനിയും വര്‍ധിപ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ രൂപയുടെ മുല്യതകര്‍ച്ച എന്ന വെല്ലുവിളി നിലനില്‍ക്കുകയാണ്. ആഗോള ചരക്കുകളുടെ വില ഉയര്‍ന്ന് തന്നെ നിലനില്‍ക്കുന്നതിനാല്‍ കറന്‍റ് അക്കൗണ്ട് കമ്മി ഇനിയും വര്‍ധിച്ചേക്കാം. ആഭ്യന്തര വാങ്ങല്‍ ശേഷി ഉയര്‍ത്തിയും മൂലധന നിക്ഷേപം വര്‍ധിപ്പിച്ചുമാണ് ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഉയര്‍ത്തേണ്ടത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ കയറ്റുമതി വളര്‍ച്ചയില്‍ കുറവുണ്ടായി. അസാധാരണമായ സാമ്പത്തിക വെല്ലുവിളികള്‍ മറ്റ് സമ്പദ് വ്യവസ്ഥകളേക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യ പ്രതിരോധിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം 7 ശതമാനവും 2023-24 സാമ്പത്തിക വര്‍ഷം 6.5 ശതമാനവും വളര്‍ച്ച നിരക്ക് രാജ്യം കൈവരിക്കും. 2021-22 സാമ്പത്തിക വര്‍ഷം 8.7 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക്.
പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഉച്ചയ്‌ക്ക് 12.50ഓടെയാണ് ലോക്‌സഭ സമ്മേളനം ആരംഭിച്ചത്. വനിത അണ്ടര്‍ 19 ടി20 ഐസിസി ലോകകപ്പ് കീരിടം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കുകയും അന്തരിച്ച മുന്‍ അംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനും ശേഷം ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.