ചണ്ഡീഗഡ്: വിവിധ പാർട്ടികളുടെ ആവശ്യപ്രകാരം പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി വച്ചേക്കും. ശ്രീ ഗുരു രവിദാസിന്‍റെ ജന്മദിന ആഘോഷങ്ങള്‍ നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് ഒരാഴ്‌ചത്തേക്ക് മാറ്റണമെന്നാണ് പാർട്ടികളുടെ ആവശ്യം. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇലക്ഷൻ കമ്മിഷൻ യോഗം കൂടി തീരുമാനിക്കും.
സംസ്ഥാനത്തെ വലിയൊരു വിഭാഗം ശ്രീ ഗുരു രവിദാസിന്‍റെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാൻ പോകുമെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 32 ശതമാനത്തോളം പട്ടികജാതി സമുദായത്തിൽ പെട്ടവരാണ്. ശ്രീ ഗുരു രവിദാസിന്‍റെ ജന്മദിനം തെരഞ്ഞെടുപ്പ് ദിവസമായതിനാൽ ഇവരിൽ ഏറിയ പങ്കും ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോകും.
ആ സാഹചര്യത്തിൽ വലിയൊരു വിഭാഗത്തിന് തെരഞ്ഞെടുപ്പ് നഷ്‌ടമാകുമെന്നും, അതിനാൽ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നുമാണ് ചരൺജിത് സിംഗ് കത്തിൽ ആവശ്യപ്പെട്ടത്. ഫെബ്രുവരി 14 നാണ് പഞ്ചാബിൽ വോട്ടെടുപ്പ്.