ദിസ്‌പൂര്‍: അസമില്‍ ആദ്യഘട്ട നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാനത്തെ 47 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 126 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അറിയിപ്പ് പ്രകാരം ആദ്യഘട്ടം മാര്‍ച്ച് 27നും 39 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ടം ഏപ്രില്‍ ഒന്നിനും 40 മണ്ഡലങ്ങളിലേക്കുള്ള മൂന്നാം ഘട്ടം ഏപ്രില്‍ ആറിനും നടക്കും. മെയ് രണ്ടിനാണ് വേട്ടെണ്ണല്‍.
2016ല്‍ 1,98,66,496 വോട്ടര്‍മാരാണ് അസമിലുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 2,32,44,454 വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. വിജ്ഞാപനം ഇറങ്ങിയതോടെ ഇന്ന് മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് ഒന്‍പതാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മാര്‍ച്ച് 10 ന് സൂക്ഷമ പരിശോധന നടക്കും. മാര്‍ച്ച് 12 വരെ പത്രിക പിന്‍വലിക്കാം. എന്നാല്‍ ഇതുവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മാര്‍ച്ച് അഞ്ചോടെ ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അണിയറയില്‍ സീറ്റ് ചര്‍ച്ചയും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയും സജീവമാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ബിപിഎഫുമായുണ്ടായിരുന്ന സഖ്യം ഉപേക്ഷിച്ച് യുപിപിഎല്ലുമായി സഖ്യമുണ്ടാക്കിയിരുന്നു. ആദിവാസി സ്വാധീനം കൂടുതലുള്ള ബൊഡോലാന്‍ഡ് പ്രദേശത്ത് യുപിപിഎല്ലുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാനാണ് തീരുമാനം.