ബെംഗളൂരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ ഇതിന് മുൻപ് ദക്ഷിണാഫ്രിക്കയിൽ ഉപയോഗിച്ചതായിരുന്നെന്ന കോൺഗ്രസിന്‍റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. പാർട്ടി ഉന്നയിച്ച വാദം കൃത്യത ഇല്ലാത്തതാണെന്നും വിവരങ്ങളുടെ ഉറവിടം വിശ്വസനീയമല്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാലയാണ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിരുന്നത്.
എന്നാൽ സംസ്ഥാനത്ത് ഉപയോഗിച്ചത് ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് നിർമിച്ച പുതിയ ഇവിഎമ്മുകളായിരുന്നെന്നും ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന സ്രോതസുകളെ തുറന്നുകാട്ടണമെന്നും കമ്മിഷൻ മറുപടി നൽകുകയായിരുന്നു. അതോടൊപ്പം ഇവിഎമ്മുകൾ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചിട്ടില്ലെന്നും യന്ത്രങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
ഇത്തരം കിംവദന്തികൾക്ക് കൂട്ടുപിടിച്ച് ഐഎൻസിയ്‌ക്ക് മങ്ങലേൽക്കാതിരിക്കാൻ ശ്രമിക്കണമെന്നും ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കമ്മിഷൻ പറഞ്ഞു. മെയ് എട്ടിനാണ് സുർജേവാല തെരഞ്ഞെടുപ്പ് പാനലിന് ആശങ്ക അറിയിച്ച് കത്തെഴുതിയത്. രാജ്യത്തേയ്‌ക്കും മെഷീനുകൾ അയക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്‌തിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ ഇലക്ഷൻ കമ്മിഷൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവിടെ ഇവിഎമ്മുകൾ ഉപയോഗിക്കുന്നില്ലെന്നും ഇസി പറഞ്ഞു.
ഇവിഎം പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ അംഗീകൃത ദേശീയ, സംസ്ഥാന പാർട്ടികളുടെയും പ്രതിനിധികൾക്ക് ഇവിഎമ്മുകൾ ലഭിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചിരിക്കും. ഇതിന് പുറമെ മെഷീനിന്‍റെ പ്രവർത്തനത്തിന്‍റെ വീഡിയോഗ്രാഫും ചെയ്യാറുണ്ട്. റാൻഡമൈസേഷൻ, മോക്ക് പോൾ എന്നിവ ചെയ്യുന്ന സമയത്ത് പാർട്ടി പ്രതിനിധികളോട് ഹാജരാകാനും ആവശ്യപ്പെടാറുണ്ട്.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖകൾ പ്രകാരം കർണാടക തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇവിഎമ്മുകളുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളിലും ഐഎൻസി പ്രതിനിധികളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇസി പറഞ്ഞു. മെയ് 10 നാണ് ഒറ്റ ഘട്ടമായി കർണാടക തെരഞ്ഞെടുപ്പ് നടന്നത്. നാളെയാണ് വോട്ടെണ്ണൽ നടക്കുക.