കൊല്‍ക്കത്ത: നന്ദിഗ്രാമിലെ റിട്ടേണിങ് ഓഫീസർക്ക് നൽകിയിട്ടുള്ള സുരക്ഷ കൃത്യമായി നിരീക്ഷിക്കാനും ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാനും, അദ്ദേഹത്തിന് ഉചിതമായ വൈദ്യസഹായം / കൗൺസിലിങ് നൽകാനും തെരഞ്ഞെടുപ്പ് കമ്മിഷൻ പശ്ചിമ ബംഗാൾ സർക്കാരിനോട് നിർദ്ദേശിച്ചു.
പരാജയത്തിനുശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വോട്ടെണ്ണൽ പ്രക്രിയ ചോദ്യം ചെയ്തതിനാൽ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസർക്ക് സുരക്ഷ നൽകുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.
കൂടുതൽ വായനക്ക്: നന്ദിഗ്രാമിലെ വോട്ടെണ്ണലിൽ കൃത്രിമം നടന്നതായും കോടതിയെ സമീപിക്കുമെന്ന് മമത ബാനർജി
പോൾ ചെയ്ത ഇവിഎം / വിവിപിടി മെഷീനുകൾ, വീഡിയോ റെക്കോർഡിങ്, സ്റ്റാറ്റ്യൂട്ടറി പേപ്പറുകൾ എന്നിവയുൾപ്പെടെ എല്ലാ തെരഞ്ഞെടുപ്പ് രേഖകളും സുരക്ഷിതമായി സൂക്ഷിക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്മിഷൻ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കർശനമായി രേഖകൾ പരിശോധിക്കണം. ആവശ്യമെങ്കിൽ അത്തരം സ്ഥലങ്ങളിൽ അധിക സുരക്ഷാ നടപടികൾക്കായി സംസ്ഥാന സർക്കാരുമായി ബന്ധപ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
നന്ദിഗ്രാമിലെ തോൽവിയിൽ കൃത്രിമം നടന്നതായും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മമത പറഞ്ഞു. നന്ദിഗ്രാമിലെ ജനങ്ങള്‍ എന്തു തന്നെ വേണമെങ്കിലും വിധിയെഴുതട്ടെ. ഞാന്‍ അത് സ്വീകരിക്കും എന്നാണ് പിന്നീട് മമത പ്രതികരിച്ചത്. എന്നാല്‍, വോട്ടെണ്ണലില്‍ പല കൃത്രിമങ്ങളും നടന്നിട്ടുണ്ടെന്നും അതിനെതിരെ തീര്‍ച്ചയായും കോടതിയെ സമീപിക്കുമെന്നും മമത പറഞ്ഞു.
നന്ദിഗ്രാം നിയോജകമണ്ഡലത്തിലെ വോട്ടുകളും തപാൽ ബാലറ്റുകളും ഉടൻ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) പശ്ചിമ ബംഗാളിലെ ചീഫ് ഇലക്ടറൽ ഓഫീസർക്ക് (സിഇഒ) കത്ത് നൽകി.