ന്യൂഡല്‍ഹി: നന്ദിഗ്രാമിലെ പോളിങ് ബൂത്തില്‍ മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ഏപ്രില്‍ ഒന്നിന് നല്‍കിയ പരാതിയില്‍ ഇന്നലെയാണ് കമ്മിഷന്‍ മറുപടി നല്‍കിയത്.
ഒന്നാം തിയ്യതി വീല്‍ചെയറില്‍ പോളിങ് ബൂത്തിലെത്തിയ മമത ബാനര്‍ജിയെ ഒരു കൂട്ടമാളുകള്‍ തടഞ്ഞിരുന്നു. 2 മണിക്കൂറാണ് മമതയെ വെളിയില്‍ നിര്‍ത്തിയത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരാണെന്നാരോപിച്ച് മമത തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി താന്‍ നല്‍കുന്ന പരാതികള്‍ കമ്മിഷന്‍ മുഖവിലക്കെടുക്കുന്നില്ലെന്നും മമത ആരോപിച്ചിരുന്നു.
എന്നാല്‍ മമതയുടെ പരാതിയില്‍ കഴമ്പില്ലെന്നും, സംഭവത്തില്‍ ഒരു തെളിവും ഹാജരാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയച്ച കത്തില്‍ പറയുന്നു. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്‍ നിന്നും ഇത്തരത്തിലുള്ള നടപടികള്‍ ശോഭനീയമല്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. മമതയുടെ പരാതി വലിയ തോതില്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.