ന്യൂഡല്‍ഹി : തുര്‍ക്കിയിലും സിറിയയിലുമായി 12 മണിക്കൂറിനിടെ ഉണ്ടായ ഭൂചലനങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 2300 ആയി. നൂറ് കണക്കിനാളുകള്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കപ്പെടുന്നു. തുര്‍ക്കിയുടെ തെക്ക് കിഴക്കന്‍ ഭാഗത്തും സിറിയയിലും ദമാസ്‌കസിലുമാണ് ഭൂകമ്പമുണ്ടായത്. ഇവിടങ്ങളില്‍ ആദ്യ ഭൂചലനമുണ്ടായി 12 മണിക്കൂറിന് ശേഷം രണ്ടാമതും ഭൂകമ്പമുണ്ടായി.
തുര്‍ക്കിയിലെ 10 പ്രവിശ്യകളിലായി 1,498 പേര്‍ കൊല്ലപ്പെടുകയും 7,600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി രാജ്യത്തിന്‍റെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. എന്നാല്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രദേശങ്ങളില്‍ മരിച്ചവരുടെ എണ്ണം 430 ആയി ഉയര്‍ന്നുവെന്നും 1280 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സിറിയന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാത്ത പ്രദേശത്ത് കുറഞ്ഞത് 380 ആളുകള്‍ മരണപ്പെടുകയും 100ല്‍പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ ദുരിതാശ്വാസ സേന തുര്‍ക്കിയിലേയ്‌ക്ക് പുറപ്പെടും: അതേസമയം, ഭൂചലനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലെ ദുരിതാശ്വാസ സേനയെ തുര്‍ക്കിയിലേയ്‌ക്ക് അയക്കുമെന്ന് പ്രധാന മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇന്ത്യ-തുര്‍ക്കി ബന്ധം ഊര്‍ഷ്‌മളമല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ നീക്കം തികച്ചും പ്രശംസനീയമാണെന്ന് മുന്‍ നയതന്ത്രജ്ഞര്‍ അറിയിച്ചു. തുര്‍ക്കിയിലെ ഭൂചലനത്തെ നേരിടാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കുവാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങള്‍ പ്രകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സൗത്ത് ബ്ലോക്കില്‍ ഇന്ന് യോഗം ചേര്‍ന്നു.
'പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകളും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുമായി 100 പേരടങ്ങുന്ന എന്‍ഡിആര്‍എഫിന്‍റെ രണ്ട് ടീമുകളും ദുരിത ബാധിത പ്രദേശത്തേയ്‌ക്ക് പുറപ്പെടാന്‍ തയ്യാറായിരിക്കുകയാണ്. മികച്ച ഡോക്‌ടര്‍മാരും പാരാമെഡിക്കല്‍ സംഘവും ആവശ്യമരുന്നുകളുമായി മെഡിക്കല്‍ ടീമും സജ്ജമായിരിക്കുന്നു. റിപ്പബ്ലിക്ക് ഓഫ് തുര്‍ക്കിയും ഇന്ത്യന്‍ സര്‍ക്കാരും, അങ്കാറയിലെ ഇന്ത്യന്‍ എംബസിയും ഇസ്‌താംബൂളിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുകയെന്ന്' പ്രധാന മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
also read: തുർക്കിയിൽ വീണ്ടും ഭൂചലനം; 7.5 തീവ്രത
'പല കാര്യങ്ങളിലും തുര്‍ക്കിയ്‌ക്ക് ഇന്ത്യ വിരുദ്ധ നിലപാടുണ്ടായിട്ടുണ്ട്. എങ്കിലും അത് പരിഗണിക്കാതെ ഇന്ത്യ നല്‍കുന്ന മാനുഷിക സഹായം ഒരു നന്മയുടെ സന്ദേശമാണ് നല്‍കുന്നത്. ലോകം മുഴുവനും കൊറോണ എന്ന മഹാമാരിയ്‌ക്ക് മുമ്പില്‍ പകച്ചുനിന്നപ്പോള്‍ ശത്രുവോണോ മിത്രമാണോ എന്ന് ചിന്തിക്കാതെ തന്നെ നിരവധി രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയതും ഇന്ത്യ തന്നെയാണ്. ചൈനയിലേയ്‌ക്ക് പോലും ഇന്ത്യ വാക്‌സിന്‍ അയച്ചിരുന്നു'- മുന്‍ അംബാസിഡര്‍ ജെ കെ ത്രിപാഠി ഇടിവി ഭാരതിനോട് പ്രതികരിച്ചു.