കാഠ്‌മണ്ഡു: നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ ഞായറാഴ്‌ച 6.1 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തി (Earthquake Hits Kathmandu Valley Nepal). ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം പറയുന്നതനുസരിച്ച് ധാഡിങ് ജില്ലയിൽ ഇന്ന് രാവിലെ 7.39 നാണ് ഭൂചലനമുണ്ടായത്. ബാഗ്‌മതി, ഗണ്ഡകി പ്രവിശ്യകളിലെ മറ്റ് ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു.
ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും ധാഡിങ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാഠ്‌മണ്ഡുവിൽ നിന്ന് 90 കിലോമീറ്റർ പടിഞ്ഞാറ്, ജ്വാലാമുഖി റൂറൽ മുനിസിപ്പാലിറ്റില്‍ 20 വീടുകൾ തകരുകയും 75 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. ഭൂകമ്പം മൂലമുണ്ടായ നാശനഷ്‌ടങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചുക്കൊണ്ടിരിക്കുകയാണെന്ന് മുൻ വാർഡ് പ്രസിഡന്‍റ് കൃഷ്‌ണ പ്രസാദ് കാപ്രി പറഞ്ഞു.
ധാഡിങ് ജില്ലയിൽ രാവിലെ 7.39 ന് ഉണ്ടായ ശക്തമായ ഭൂചലനത്തിന് ശേഷം 29 മിനിറ്റിനുള്ളിൽ നാല് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. റിക്‌ടർ സ്‌കെയിലിൽ 4 തീവ്രതയുള്ള ഭൂചലനത്തിന്‍റെ തുടർച്ചയായ പ്രകമ്പനങ്ങള്‍ കാരണം ആളുകൾ വീടിന് പുറത്തിറങ്ങിയതായി പ്രദേശവാസിയായ രാജേഷ് അധികാരി പറഞ്ഞു. തകർന്ന വീടുകളുടെ വിശദമായ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് ഓഫീസിലെ ഇൻഫർമേഷൻ ഓഫീസറും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമായ സന്തുലാൽ പ്രസാദ് ജയ്ശ്വർ പറഞ്ഞു.
രാവിലെ 8.08 ന് 4.3 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും 8.28 ന് 4.3 ഉം 8.59 ന് 4.1 ഉം അനുഭവപ്പെട്ടതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർച്ചയായ ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി പരത്തി.
അഫ്‌ഗാനിസ്ഥാനിലും സമാന സംഭവം: കഴിഞ്ഞ ഒക്‌ടോബര്‍ 11ന് അഫ്‌ഗാനിസ്ഥാനിലെ ഹെറാത്തിലാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തില്‍ 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും 700 ഓളം വീടുകള്‍ തകരുകയും ചെയ്‌തു. അപകടത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഹെറാത്തില്‍ നിന്നും 28 കിലോമീറ്ററോളം ദൂരത്ത് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
റിക്‌ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയെന്നും 10 കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പം ഉണ്ടായിട്ടുണ്ടെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂകമ്പവും പിന്നാലെ എട്ട് തുടര്‍ ചലനങ്ങളുമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഹെറാത്ത്-തോര്‍ഗോണ്ടി ഹൈവേയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതായി വാര്‍ത്ത വിതരണ മന്ത്രാലയ വക്താവ് അബ്‌ദുള്‍ വാഹിദ് റയാന്‍ പറഞ്ഞു.
ALSO READ: അഫ്‌ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം; 6.3 തീവ്രത രേഖപ്പെടുത്തി; ആശങ്കയില്‍ ജനങ്ങള്‍