പട്‌ന: സ്‌നേഹത്തിന് അതിരുകളില്ല, അവ എല്ലാ തടസങ്ങളെയും മറികടക്കുന്നു... ഈ വാചകം യാഥാർഥ്യമാക്കുന്നതാണ് ബിഹാറിൽ നിന്നുള്ള ആദിയുടെയും നെതർലൻഡ്‌സിൽ നിന്നുള്ള മൈറയുടെയും ജീവിതം. ഭാഷയുടെയും, സംസ്‌കാരത്തിന്‍റെയും എല്ലാ അതിർവരമ്പുകളെയും മറികടന്ന് ഹിന്ദു ആചാരപ്രകാരം വിവാഹിതരായിരിക്കുകയാണ് ഇരുവരും. 'ട്രാവൽ കപ്പിൾസ്' എന്നാണ് ഇപ്പോൾ ഇരുവരും അറിയപ്പെടുന്നത്.
ബിഹാർ സ്വദേശിയായ ആദി തന്‍റെ ഉപരിപഠനത്തിനായി 2015ൽ ഓസ്‌ട്രേലിയയിൽ എത്തിയപ്പോഴാണ് നെതർലൻഡ്‌സ് സ്വദേശിനിയായ മൈറയുമായി പരിചയത്തിലാകുന്നത്. യൂട്യൂബർമാർ ആയിരുന്ന ഇരുവരും ഒരേ കെട്ടിടത്തിലായിരുന്നു താമസം. ഇരുവരും ഒരുമിച്ച് പല സ്ഥലങ്ങളും സന്ദർശിച്ച് വീഡിയോകൾ ചെയ്യാൻ തുടങ്ങി. ഇതിനിടെ ഇരുവരും തങ്ങളുടെ ഇഷ്‌ടം പരസ്‌പരം പങ്കുവച്ചു. പഠനം കഴിഞ്ഞ ശേഷം മൈറ നെതർലൻഡിലേക്ക് തിരിച്ചു.
തുടർന്ന് ആദിയും നെതർലൻഡിലേക്ക് താമസം മാറി. പിന്നാലെ ബിഹാറിലെത്തിയ ആദി മാതാപിതാക്കളോട് തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയിക്കുകയും വിവാഹക്കാര്യം അവതരിപ്പിക്കുകയുമായിരുന്നു. ഇതിനിടെ മൈറയും മാതാപിതാക്കളോട് ആദിയുമായുള്ള ബന്ധത്തിന്‍റെ കാര്യം വെളിപ്പെടുത്തി. എന്നാൽ ഇരുവരെയും ഞെട്ടിച്ചുകൊണ്ട് ഇരു കുടുംബങ്ങളും സന്തോഷത്തോടെ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു.
ALSO READ: Video: കടലോളം പ്രണയം, പഞ്ചാബിലെത്തിയ അമേരിക്കൻ കല്യാണക്കഥ
പിന്നാലെ വിവാഹത്തിനായി കുടുംബസമേതം മൈറ പട്‌നയിലെത്തി. ഹിന്ദു ആചാരപ്രകാരമാണ് ഇവരുടെ വിവാഹം നടന്നത്. യാത്രാവിവരണങ്ങൾ പങ്കുവയ്‌ക്കുന്ന ഒരു യൂട്യൂബ് ചാനൽ ഇവർക്കുണ്ട്. അതിനാൽ തന്നെ 'ട്രാവൽ കപ്പിൾസ്' എന്നാണ് ദമ്പതികൾ സ്വയം വിശേഷിപ്പിക്കുന്നത്.
ALSO READ: ഇന്ത്യയെ ഇഷ്‌ടമാണ്, അതുകൊണ്ട് കല്യാണം ഗുജറാത്തിൽ നടത്തി... ഒരു ജർമൻ- റഷ്യൻ വിവാഹ ദൃശ്യങ്ങൾ കാണാം
ഇതിനകം ഓസ്‌ട്രേലിയ, നെതർലൻഡ്‌സ്, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങൾ ഇരുവരും സന്ദർശിച്ചിട്ടുണ്ട്. വിവാഹ വീഡിയോയും തങ്ങളുടെ യൂട്യൂബ് ചാനലിൽ ഇരുവരും പങ്കുവച്ചിട്ടുണ്ട്.