ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോളിലെ ദുര്‍ഗ എന്നറിയപ്പെടുന്ന ഒയിനം ബെബം ദേവി പത്മശ്രീ പുരസ്കാരം സ്വീകരിച്ചു. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്കാരം വിതരണം ചെയ്‌തത്. ഇതോടെ പത്മശ്രീ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ താരമാവാനും ഒയിനം ബെബം ദേവിക്ക് കഴിഞ്ഞു.
ബെംബെം ദേവിയുടെ നേട്ടം ഇന്ത്യൻ ഫുട്‌ബോളിന് അങ്ങേയറ്റം അഭിമാന നിമിഷമാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്‍റ് പ്രഫുൽ പട്ടേൽ പ്രസ്‌താവനയില്‍ പറഞ്ഞു.
"അഭിനന്ദനങ്ങൾ! ഇത് ഇന്ത്യൻ ഫുട്‌ബോളിന് അങ്ങേയറ്റം അഭിമാന നിമിഷമാണ്. ബെംബെം ദേവി ഇന്ത്യൻ ഫുട്‌ബോളിന് ഒരു മാതൃകയാണ്, കൂടാതെ വർഷങ്ങളായി ഇന്ത്യയ്‌ക്കായി നിരവധി പുരസ്‌കാരങ്ങൾ താരം നേടിയിട്ടുണ്ട്. കൂടുതൽ പെൺകുട്ടികൾ അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യൻ വനിത ഫുട്‌ബോളിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു" പ്രഫുൽ പട്ടേൽ പറഞ്ഞു.
also read: 'പുരസ്‌കാരങ്ങള്‍ പ്രചോദനമാണ്'; പത്മഭൂഷൺ സ്വീകരിച്ച് പിവി സിന്ധു
ബെംബെം ജീവിക്കുന്ന ഒരു ഇതിഹാസമാണെന്ന് എഐഎഫ്എഫ് ജനറര്‍ സെക്രട്ടറി കുശാല്‍ ദാസ് പ്രതികരിച്ചു. വർഷങ്ങളായി ഇന്ത്യൻ വനിതാ ഫുട്‌ബോളിന്‍റെ പതാകവാഹകയാണ് ബെംബെം. താരത്തിന് ലഭിച്ച പുരസ്‌ക്കാരം അടുത്ത തലമുറയെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പത്മശ്രീ പുരസ്കാരം ലഭിക്കുന്ന ഏഴാമത്തെ ഫുട്‌ബോള്‍ താരം കൂടിയാണ് ഒയിനം ബെബം ദേവി. ഗോസ്‌തോ പോൾ, സൈലൻ മന്ന, ചുനി ഗോസ്വാമി, പികെ ബാനർജി, ബൈചുങ് ബൂട്ടിയ, സുനിൽ ഛേത്രി എന്നിവരാണ് ഒയിനത്തിന് മുന്നെ പത്മശ്രീ നേടിയിട്ടുള്ളത്.