ദുൽഖർ സൽമാന്‍റെ (Dulquer Salmaan) ഏറ്റവും പുതിയ ബോളിവുഡ് നെറ്റ്‌ഫ്ലിക്‌സ് വെബ് സീരീസാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' (Guns and Gulaabs). 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
പ്രൊമോയില്‍ വെബ് സീരീസിന്‍റെ ട്രെയിലര്‍ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കള്‍ 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' പ്രൊമോ വീഡിയോ പുറത്തുവിട്ടതും ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചതും. 1970 കളിലെ ഗാനങ്ങൾ, വളരെ റൊമാന്‍റിക്കായ കമിതാക്കള്‍, ശക്തരായ ഗാങ്‌സ്‌റ്ററുകള്‍ എന്നിവയാല്‍ നിറഞ്ഞു നില്‍ക്കുന്നതാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' പ്രൊമോ വീഡിയോ.
ദുല്‍ഖര്‍ സല്‍മാനെ കൂടാതെ രാജ്‌കുമാർ റാവു (Rajkummar Rao), ആദർശ് ഗൗരവ് (Adarsh Gourav), ടിജെ ഭാനു (TJ Bhanu), ഗുൽഷൻ ദേവയ്യ (Gulshan Devaiah) എന്നിവരും വെബ് സീരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ വെബ് സീരീസിന്‍റെ പ്രൊമോ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
തന്‍റെ ജന്മദിനത്തിലെ ആദ്യ ദൃശ്യം പങ്കുവച്ചു കൊണ്ട് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'രാജും ഡികെയും ചേർന്നൊരുക്കിയ അവിശ്വസനീയമായ ഈ ലോകത്തെ വിവരിക്കാൻ ഒരു വാക്ക് ഉണ്ടെങ്കിൽ, അത് വിനോദമാണ്! ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ട്രെയിലര്‍ ഓഗസ്‌റ്റ് രണ്ടിന് നെറ്റ്‌ഫ്ലിക്‌സില്‍ റിലീസ് ചെയ്യും.' -ദുല്‍ഖര്‍ കുറിച്ചു. 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്', ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ഓണ്‍ നെറ്റ്‌ഫ്ലിക്‌സ് എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് ദുല്‍ഖര്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
മോഷൻ പോസ്‌റ്റർ പോലെയാണ് പ്രൊമോ വീഡിയോ ഒരുക്കിയിരിക്കുന്നത്. കയ്യില്‍ തോക്കുമായി പരുക്കന്‍ ഗെറ്റപ്പിലാണ് പ്രൊമോയില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. പെർഫ്യൂം, പഴയ കാസറ്റ്, പ്രണയ ലേഖനം, റോസാ പൂക്കള്‍, കത്തി, ഗ്ലാസ് വസ്‌തുക്കൾ, ലോഹ ഉപകരണങ്ങൾ, ഒരു കൂട്ടം കാർഡുകൾ, ബോർഡ്, ബുള്ളറ്റ് ബൈക്ക് തുടങ്ങിയവയും പ്രൊമോ വീഡിയോയിലുണ്ട്.
രാജും ഡികെയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെബ് സീരീസിനായി പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 'ദ ഫാമിലി മാൻ' (The Family Man), 'ഫർസി' (Farzi) എന്നീ ത്രില്ലർ വെബ് സീരീസുകളിലൂടെ രാജും ഡികെയും (Raj and DK) ഇതിനോടകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍റെ ജന്മദിനത്തോടനുബന്ധിച്ച് താരത്തിന്‍റെ പുതിയ സിനിമയുടെ ടൈറ്റിലും പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിലാണ് നിര്‍മാതാക്കള്‍ ഈ പ്രത്യേക ദിനത്തില്‍ പുറത്തുവിട്ടത്. 'ലക്കി ഭാസ്‌ക്കര്‍' (Lucky Baskhar) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സിത്താര എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് റിലീസിനെത്തുന്നത്. കേരളത്തില്‍ ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് സിനിമയുടെ വിതരണം. ജിവി പ്രകാശ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.