ഝാൻസി: ഉത്തര്‍ പ്രദേശിലെ ഝാൻസിയിൽ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിന്‍റെ എസി കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ മദ്യലഹരിയിലായിരുന്ന 20 വയസുകാരന്‍ വൃദ്ധ ദമ്പതികളുടെ മേല്‍ മൂത്രമൊഴിച്ചു (Drunken man urinates on elderly couple in train). ബുധനാഴ്‌ച രാത്രി ബി ത്രി കോച്ചിനുള്ളിലാണ് സംഭവം. ടിടിഇ (Traveling Ticket Examiner-TTE) യുവാവിനെ പിടികൂടി ഝാൻസിയിലെ ആർപിഎഫിന് കൈമാറി. റെയിൽവേ ആക്‌ട് പ്രകാരം ഇയാൾക്കെതിരെ ആർപിഎഫ് (Railway Protection Force-RPF) കേസെടുത്തു. ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.
ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് വിരമിച്ച മുതിർന്ന ശാസ്ത്രജ്ഞനും ഭാര്യയും മധ്യപ്രദേശിലെ ഹർപാൽപൂരിൽ നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പോകുകയായിരുന്നു. ബി-ത്രി കോച്ചിന്‍റെ 57, 60 എന്നീ ലോവർ ബർത്തുകളിൽ കിടന്നുറങ്ങുകയായിരുന്നു ഇവർ. സൗത്ത് വെസ്‌റ്റ് ന്യൂഡൽഹിയിലെ കുത്തബ് വിഹാറിലെ താമസക്കാരനായ റിതേഷ് 63-ാം നമ്പര്‍ ബർത്തില്‍ യാത്ര ചെയ്യുകയായിരുന്നു. ഇയാള്‍ ബാഗേജുകളുടെയും ഇവരുടെയും മേൽ മൂത്രമൊഴിച്ചു. മഹോബയിൽ നിന്നാണ് റിതേഷ് ട്രെയിനിൽ കയറിയത്.
റിതേഷ് അമിതമായി മദ്യപിച്ചിരുന്നെന്നും പ്രതിഷേധിച്ചപ്പോൾ റിതേഷ് തങ്ങളോട് മോശമായി പെരുമാറിയെന്നും ദമ്പതികൾ ആരോപിച്ചു. സഹയാത്രികരിൽ ചിലർ ടിടിഇയെയും കോച്ച് അറ്റൻഡന്‍ററിനെയും വിവരമറിയിച്ചു. തങ്ങളുടെ എതിർപ്പ് അവഗണിച്ച് കോച്ചിനുള്ളിൽ പ്രതി മദ്യം കഴിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ടിടിഇ ബിഎസ് ഖാൻ സംഭവം ഝാൻസി റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചു. ട്രെയിൻ ഝാൻസി റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോൾ പ്രതിയെ ഇറക്കി തുടർനടപടികൾക്കായി ആർപിഎഫിന് കൈമാറി. റെയിൽവേ ആക്‌ട് 145 (മദ്യപാനം അല്ലെങ്കിൽ ശല്യം) പ്രകാരം പ്രതിക്കെതിരെ ആർപിഎഫ് കേസെടുത്തു.
പ്രതി കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് ആർപിഎഫ് കമാൻഡന്‍റ് അലോക് കുമാർ പറഞ്ഞു. ദമ്പതികൾക്കും അവരുടെ ലഗേജുകൾക്കും മുകളിൽ അയാൾ തന്‍റെ മുകളിലെ ബർത്തിൽ നിന്ന് മൂത്രമൊഴിച്ചു. ഇതുമായി ബന്ധപ്പെട്ട് തർക്കം ആരംഭിച്ചു. ടിടിഇ രജിസ്‌റ്റർ ചെയ്‌ത പരാതിയിൽ പ്രതികൾക്കെതിരെ കേസെടുത്തതായും അദ്ദേഹം പറഞ്ഞു. മദ്യലഹരിയിലായതിനാൽ പ്രതിക്ക് ജാമ്യം ലഭിച്ചതായും കുമാർ കൂട്ടിച്ചേർത്തു.
വിമാനത്തിൽ മൂത്രമൊഴിച്ച് യാത്രക്കാരൻ: മദ്യലഹരിയിൽ എയർ ഇന്ത്യ വിമാനത്തിൽ മലമൂത്ര വിസർജനം നടത്തിയെന്നാരോപിച്ച് ഒരാളെ കസ്‌റ്റഡിയിലെടുത്തു. എയർ ഇന്ത്യയുടെ മുംബൈ-ഡൽഹി വിമാനത്തിൽ സഞ്ചരിച്ച രാം സിങ്ങിനെയാണ് പൊലീസ് പിടികൂടിയത്. ജൂൺ 24ന് എഐസി 866 വിമാനത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സീറ്റ് നമ്പർ 17 എഫിലെ യാത്രക്കാരനായ രാം സിങ് വിമാനത്തിന്‍റെ 9-ാം നിരയിൽ മലമൂത്ര വിസർജനം ചെയ്യുകയും തുപ്പുകയും ചെയ്‌തുവെന്നാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. സംഭവം ശ്രദ്ധയിൽപെട്ട ക്യാബിൻ ക്രൂ യാത്രക്കാരന് വാക്കാൽ മുന്നറിയിപ്പ് നൽകുകയും പൈലറ്റ് ഇൻ കമാൻഡിനെ സ്ഥിതിഗതികൾ അറിയിക്കുകയും ചെയ്യുകയായിരുന്നു.
വിമാനത്തിലെ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ തരത്തിൽ പെരുമാറിയ ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിനായി ഉടൻ തന്നെ കമ്പനിക്ക് സന്ദേശം അയച്ചു. വിമാനം ഡൽഹിയിൽ എത്തിയപ്പോൾ എയർ ഇന്ത്യയുടെ സെക്യൂരിറ്റി മേധാവിയുടെ നേതൃത്വത്തിൽ യാത്രക്കാരനെ ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്‌തു. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 294 (അശ്ലീല പ്രവൃത്തികൾ), 510 (മദ്യപിച്ച് പൊതുസ്ഥലത്ത് മോശമായി പെരുമാറുക) എന്നിവ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.