മുസ്‌താബാദ് (തെലങ്കാന): മദ്യപിച്ചെത്തി വഴക്കിടാറുള്ള അച്ഛനെതിരെ പൊലീസില്‍ പരാതിപ്പെട്ട് മൂന്നാം ക്ലാസുകാരന്‍. ദിവസേന മദ്യപിച്ചെത്താറുള്ള ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുക പതിവായിരുന്നു. ഇതേച്ചൊല്ലിയുള്ള വഴക്കും വീട്ടിൽ പതിവാണ്. ഒടുവില്‍ മറ്റു മാര്‍ഗങ്ങളില്ലാതായതോടെയാണ് ഒമ്പത് വയസുകാരന്‍ അച്ഛനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
രാജണ്ണ സിരിസില്ല ജില്ലയിലെ മുസ്‌താബാദില്‍ താമസിക്കുന്ന ജംഗ ദീപിക ബാലകിഷൻ ദമ്പതികൾ തമ്മില്‍ നിരന്തരം കലഹമാണ്. ബാലകിഷൻ ദിവസവും മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാറുണ്ടായിരുന്നു. ഇത് മകന്‍ ഭരത് പല തവണ കണ്ടിരുന്നു. തുടര്‍ന്ന് വ്യാഴാഴ്‌ച (25.08.2022) രാവിലെ മദ്യലഹരിയിലെത്തിയ പിതാവിനെ കണ്ടതോടെ ഭരത് പൊലീസ് സ്‌റ്റേഷനിലേക്ക് പരാതി നല്‍കാന്‍ പോകുകയായിരുന്നു.
സ്‌റ്റേഷനിലെത്തി എസ്‌ഐ വെങ്കിടേശ്വരലുവിനോട് കുട്ടി കാര്യം അറിയിച്ചു. ആരാണ് സ്‌റ്റേഷനിലേക്ക് പോകാൻ പറഞ്ഞതെന്നുള്ള എസ്‌ഐയുടെ ചോദ്യത്തിന് താന്‍ തനിയെ വന്നതാണെന്നായിരുന്നു കുട്ടിയുടെ മറുപടി. പൊലീസ് നിങ്ങൾക്ക് നീതി നൽകുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന പൊലീസുദ്യോഗസ്ഥന്‍റെ ചോദ്യത്തിന് സാർ അത് ചെയ്യുമെന്ന വിശ്വാസത്തിലാണ് താന്‍ വന്നതെന്ന് കുട്ടി മറുപടി നല്‍കി.
കുട്ടിയുടെ മറുപടിയില്‍ മതിപ്പുളവാക്കിയ പൊലീസുദ്യോഗസ്ഥന്‍ ഉടനെ തന്നെ കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് ബാലകിഷനെ കൗൺസിലിങിന് വിധേയനാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ശക്തമായ താക്കീത് നൽകിയാണ് പീന്നീട് ഇയാളെ വീട്ടിലേക്കയച്ചത്. ദമ്പതികള്‍ക്ക് ശിവാനി എന്ന മകള്‍ കൂടിയുണ്ട്.