ബഗൽക്കോട്ട്: കർണാടകയിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെ സ്‌ത്രീയുടെ മുടിയിൽ പിടിച്ചുവലിച്ചുവെന്നാരോപിച്ച് യുവാവിന് ചെരുപ്പ് കൊണ്ട് മർദനം. ബഗൽക്കോട്ട് ജില്ലയിലെ ബദാമി താലൂക്കിൽ കേരൂർ ബസ് സ്റ്റോപ്പിൽ വച്ചാണ് സംഭവം. മർദനമേറ്റയാൾ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്.
വിജയപുരയിൽ നിന്ന് ഹുബ്ലിയിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവമുണ്ടായത്. ബസ് നീങ്ങുന്നതിനിടെ യുവാവ് സ്‌ത്രീയുടെ മുടിയിൽ പിടിച്ചുവലിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തുവെന്നാണ് പരാതി.
ALSO READ: വളർത്തുപൂച്ചയെ കാണാനില്ല, കണ്ടെത്തുന്നവർക്ക് 35,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബെംഗളൂരു സ്വദേശി
യുവാവിന്‍റെ പ്രവൃത്തിയിൽ രോഷാകുലയായ സ്‌ത്രീ കേരൂർ സ്റ്റോപ്പെത്തിയപ്പോഴേക്കും പ്രതികരിക്കുകയും ഇയാളെ ചെരുപ്പുകൊണ്ട് മർദിക്കുകയുമായിരുന്നു. ഉടൻ തന്നെ ഇവർക്ക് പിന്തുണയുമായി യാത്രക്കാരിൽ ചിലരെത്തി യുവാവിനെ മർദിച്ചു. ഏതായാലും ചെരുപ്പടിയേൽക്കുന്ന യുവാവിന്‍റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്.