ഭഗൽപൂർ (ബിഹാർ): രസകരമായ സംഭവങ്ങളാൽ വിവാഹങ്ങൾ മുടങ്ങുന്ന വാർത്തകൾ ദിനംപ്രതി നാം കേൾക്കാറുണ്ട്. വിവാഹത്തിന് തലേനാൾ വരനോ വധുവോ മുങ്ങുന്നതോ, സ്‌ത്രീധനം കുറയുന്നതോ, വിവാഹ ദിവസം വരനും വധുവും തമ്മിൽ തർക്കത്തിലാകുന്നതോ, സൽക്കാരത്തിൽ നൽകുന്ന ഭക്ഷണത്തിന്‍റെ പേരിൽ തമ്മിൽ തല്ലിയോ ഒക്കെ വിവാഹം മുടങ്ങിപ്പോയ കഥകൾ നമുക്കറിയാം. ഇപ്പോൾ വിവാഹത്തിന്‍റെ തലേനാൾ വരന്‍റെ മദ്യപാനം മൂലം വിവാഹം മുടങ്ങിയ സംഭവമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്.
ബിഹാറിലെ ഭഗൽപൂരിലെ സുൽത്താൻഗഞ്ചിലാണ് മദ്യപാനം മൂലം വരൻ സ്വന്തം വിവാഹത്തിൽ പങ്കെടുക്കാൻ മറന്ന രസകരമായ ഈ സംഭവം ഉണ്ടായത്. സുൽത്താൻഗഞ്ചിലെ ഒരു ഗ്രാമത്തിൽ വിവാഹത്തിനായി ഗംഭീരമായ ഒരുക്കങ്ങൾ നടത്തി വരനായി കാത്തിരിക്കുകയായിരുന്നു വധുവിന്‍റെ വീട്ടുകാർ. എന്നാൽ ചടങ്ങുകൾക്കായി വിവാഹ മണ്ഡപത്തിലേക്ക് ബരാത്ത് (വിവാഹ ഘോഷയാത്ര) പോകുന്നതിന് മുൻപ് വരൻ മദ്യപിച്ച് 'ഓഫ്' ആയി.
തിങ്കളാഴ്‌ച കഹൽഗാവിലെ അന്തിച്ചക് ഗ്രാമത്തിൽ നിന്നാണ് ഘോഷയാത്രയായി വരനും കൂട്ടരും മണ്ഡപത്തിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ വരൻ മദ്യപിച്ച് ബോധം കെട്ടതോടെ ബരാത്തുമായി വരന്‍റെ വീട്ടുകാർക്ക് മണ്ഡപത്തിലേക്ക് എത്താനായില്ല. അതേസമയം വരന്‍റെ വരവും കാത്ത് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു വധുവിന്‍റെ വീട്ടുകാർ.
രാത്രി വൈകിയും വരനും കൂട്ടരും എത്താത്തതോടെ സംഭവം പന്തികേടാണെന്ന് വധുവിന്‍റെ വീട്ടുകാർക്ക് മനസിലായി. ഇതിനിടെ വരന്‍റെ ബന്ധുക്കളിൽ ചിലർ രാത്രി മണ്ഡപത്തിലേക്കെത്തി വിവാഹ ചടങ്ങുകൾ ആരംഭിക്കാൻ നിർബന്ധിച്ചെങ്കിലും വരൻ എത്താതെ ചടങ്ങുകൾ നടത്തില്ലെന്ന് വധുവിന്‍റെ ബന്ധുക്കൾ അറിയിച്ചു. തുടർന്ന് ചൊവ്വാഴ്‌ച രാവിലെ വരെ വരനെയും കത്ത് ഇവർ മണ്ഡപത്തിൽ തുടർന്നു.
എന്നാൽ അടുത്ത ദിവസവും ഇയാൾ എത്താതായതോടെ വധുവിന്‍റെ വീട്ടുകാർ കാര്യം തിരക്കി വരന്‍റെ വീട്ടിലേക്ക് പോയി. അവിടെയെത്തിയപ്പോൾ മദ്യപിച്ച് ബോധമില്ലാതെ കിടക്കുകയായിരുന്നു വരൻ. കാര്യങ്ങൾ കൈവിട്ട് പോയതോടെ വീട്ടുകാർ ഇയാളെ കുളിപ്പിച്ചൊരുക്കി മണ്ഡപത്തിലെത്തിച്ചെങ്കിലും വരന്‍റെ ലീലാവിലാസങ്ങൾ അറിഞ്ഞ പെണ്‍കുട്ടി വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ALSO READ: എത്ര മനോഹരമായ വിവാഹ സമ്മാനം! മുത്തശ്ശനും അമ്മാവന്മാരും ചേര്‍ന്ന് നല്‍കിയത് 3.21 കോടി രൂപ
വിവാഹം മുടങ്ങിയതോടെ വിവാഹ ചടങ്ങുകൾക്ക് ചെലവായ തുക മുഴുവനായും നൽകണമെന്ന് ആവശ്യപ്പെട്ട് വധുവിന്‍റെ വീട്ടുകാൻ വരനെയും കുടുംബത്തെയും മണ്ഡപത്തിൽ ബന്ദിയാക്കി. പിന്നാലെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരെ മോചിപ്പിക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് ഗ്രാമമുഖ്യന്‍റെ നേതൃത്വത്തിൽ പഞ്ചായത്ത് കൂടുകയും വരന്‍റെ വീട്ടുകാർ നഷ്‌ടപരിഹാര തുക നൽകണമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
ഒടുവിൽ വിവാഹത്തിന്‍റെ ഒരുക്കങ്ങൾക്കായി ചെലവായ മുഴുവൻ തുകയും നൽകിയ ശേഷമാണ് ഇവരെ വിട്ടയക്കാൻ വധുവിന്‍റെ വീട്ടുകാർ തയ്യാറായത്. അതേസമയം ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും കാര്യങ്ങൾ രമ്യമായി പരിഹരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ALSO READ: വരൻ തന്ന സ്‌ത്രീധനം കുറഞ്ഞുപോയി, വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് വധു വിവാഹത്തിൽ നിന്ന് പിന്മാറി