കൊടൈക്കനാൽ : ലഹരിമരുന്ന് വിൽപ്പന നടത്തിയ മലയാളി യുവാക്കളെ പിടികൂടി കൊടൈക്കനാൽ പൊലീസ്. അനീസ് ഖാൻ (34), അനീസ് ജോസ് (30), ജെയ്‌സൺ (29), ഡൊമിനിക് പീറ്റർ (28), അഖിൽ ഫെർണാണ്ടസ് (27), ജോൺ (25), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഡിണ്ടിഗൽ ജില്ലയിലെ മലയോര മേഖലയിൽ കോട്ടേജിന്‍റെ മറവിൽ ലഹരി വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.
പരിശോധനയിൽ ഇവർ നടത്തിയിരുന്ന കോട്ടേജിൽ നിന്ന് നിരോധിത മയക്കുമരുന്നുകൾ കണ്ടെത്തി. 800 ഗ്രാം കഞ്ചാവ്, രണ്ട് കഞ്ചാവ് ചെടികൾ, 50 ഗ്രാം നാർക്കോട്ടിക് മഷ്‌റൂം, മെതാംഫിറ്റമിൻ എന്നിവ കോട്ടേജിൽ നിന്ന് പിടിച്ചെടുത്തു. തുടര്‍ന്ന് പ്രതികളെ കൊടൈക്കനാൽ പൊലീസ് കസ്റ്റഡിയിലെടുത്തു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മയക്കുമരുന്ന് വിൽപ്പന തടയുക എന്നതാണ് ഇത്തരം പരിശോധനകളുടെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു.