ന്യൂഡല്‍ഹി: അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്‌ക്കായി വ്യക്തിഗത ആവശ്യങ്ങൾക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്കും പ്രത്യേക മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും കസ്‌റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുപ്രകാരം ഇറക്കുമതി തീരുവയിലെ ഇളവ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കൂടാതെ വിവിധ കാന്‍സറുകളുടെ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന പെംബ്രോലിസുമാബിനും (കെയ്‌ട്രുഡ) സര്‍ക്കാര്‍ അടിസ്ഥാന കസ്‌റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്.
ഉത്തരവ് ഇങ്ങനെ: അപൂർവ രോഗങ്ങൾക്കായുള്ള ദേശീയ നയം 2021ല്‍ പട്ടികപ്പെടുത്തിയിട്ടുള്ള എല്ലാ അപൂര്‍വ രോഗങ്ങളുടെയും ചികിത്സക്ക് വ്യക്തിഗത ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന എല്ലാ മരുന്നുകളുടെയും പ്രത്യേക മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള ഭക്ഷണങ്ങളുടെയും അടിസ്ഥാന കസ്‌റ്റംസ് തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ ഇളവു നല്‍കിയിട്ടുണ്ട് എന്ന് ധനമന്ത്രാലയമാണ് പ്രസ്‌താവനയിലൂടെ അറിയിച്ചത്.
പ്രത്യേക ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് സര്‍ട്ടിഫിക്കേറ്റ് വേണം: ഒരു പ്രത്യേക രോഗമോ, ബുദ്ധിമുട്ടോ അല്ലെങ്കിൽ ഒരു രോഗാവസ്ഥയോ ഉള്ള വ്യക്തികൾക്ക് അവരുടെ ഭക്ഷണ പരിപാലനത്തില്‍ പോഷകാഹാര പിന്തുണ നൽകുന്നതിനുള്ളവയാണ് പ്രത്യേക മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള ഭക്ഷണ പദാര്‍ഥം. എന്നാല്‍ ഇവയില്‍ ഇളവ് ലഭിക്കുന്നതിന് വ്യക്തിഗത ഇറക്കുമതി ഉദ്ദേശിക്കുന്നയാള്‍ കേന്ദ്രം അല്ലെങ്കില്‍ സംസ്ഥാന ഹെല്‍ത്ത് സര്‍വീസ് ഡയറക്‌ടറുടെയോ ജില്ല മെഡിക്കല്‍ ഓഫിസര്‍ അല്ലെങ്കില്‍ ജില്ല സിവില്‍ സര്‍ജന്‍റെയോ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടതുണ്ട്.
ലക്ഷ്യം ചികിത്സയിലെ ആശ്വാസം: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്‌എംഎ) അല്ലെങ്കില്‍ ഡുചെന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്നിവയ്‌ക്കായുള്ള മരുന്നുകള്‍ക്ക് ഇതിനോടകം തന്നെ ഇളവുകള്‍ പ്രാബല്യത്തിലുണ്ട്. എന്നാല്‍ മറ്റ് അപൂർവ രോഗങ്ങളുടെ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്ക് കസ്‌റ്റംസ് തീരുവയില്‍ ഇളവ് തേടി സര്‍ക്കാരിന് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതാണ് നിലവിലെ ഉത്തരവിലൂടെ അംഗീകരിക്കപ്പെടുന്നത്.
അതേസമയം അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്‌ക്ക് ആവശ്യമായ മരുന്നുകളുടെയും പ്രത്യേക ഭക്ഷണ പദാര്‍ഥങ്ങളുടെയും ഇറക്കുമതി വളരെ ചെലവേറിയതാണ്. അതായത് 10 കിലോ ഭാരമുള്ള ഒരു കുട്ടിക്ക് ചില അപൂര്‍വ രോഗങ്ങള്‍ക്കായി പ്രതിവർഷം ചികിത്സ ചെലവ് 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വന്നേക്കാം. ഇതുപ്രകാരം ആജീവനാന്ത ചികിത്സയ്‌ക്കും മരുന്നിനുമുള്ള ചെലവും അതിഭീമമാണ്. അതുകൊണ്ടു തന്നെ ഈ ചെലവ് ലാഭിക്കുന്നതിനും രോഗികളുടെ മാതാപിതാക്കള്‍ക്ക് ചികിത്സയില്‍ ആശ്വാസം നല്‍കുന്നതിനും ഈ നടപടി കാരണമാകുമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മരുന്നുകള്‍ക്കും മറ്റും അടിസ്ഥാന കസ്‌റ്റംസ് ഡ്യൂട്ടിയിനത്തില്‍ 10 ശതമാനമാണ് നിലവില്‍ സര്‍ക്കാര്‍ ഈടാക്കി വരുന്നത്. എന്നാല്‍ ജീവന്‍രക്ഷ മരുന്നുകള്‍ അല്ലെങ്കില്‍ വാക്‌സിനുകള്‍ തുടങ്ങിയ ചിലയിനങ്ങള്‍ക്ക് അഞ്ച് ശതമാനമോ അല്ലെങ്കില്‍ കസ്‌റ്റംസ് തീരുവ സര്‍ക്കാര്‍ ഈടാക്കാറോ ഇല്ല.
Also Read: വ്യാജ മരുന്ന് വില്‍പ്പന തടയും ; പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍, ഓഗസ്റ്റ് 1ന് പ്രാബല്യത്തില്‍