ഭുവനേശ്വർ: തനിക്ക് ദ്രൗപതി എന്ന പേര് നൽകിയത് തന്‍റെ സ്‌കൂളിലെ ടീച്ചർ ആണെന്ന് ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതിയായ മുർമു. സന്താൾ ഭാഷയിലെ പുടി എന്നതായിരുന്നു തന്‍റെ ആദ്യത്തെ പേര്. എന്നാൽ അത് ഇഷ്‌ടപ്പെടാതിരുന്ന മയൂർഭഞ്ച് സ്വദേശി അല്ലാത്ത ഒരു ടീച്ചർ മഹാഭാരതത്തിലെ ദ്രൗപതി എന്ന പേര് തനിക്ക് നൽകുകയായിരുന്നുവെന്ന് മുർമു നാളുകൾക്ക് മുൻപ് ഒരു ഒഡിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
1960കളിൽ ഗോത്രവിഭാഗക്കാർ കൂടുതലായി താമസിക്കുന്ന മയൂർഭഞ്ച് ജില്ലയിൽ ബാലസോറിൽ നിന്നും കട്ടക്കിൽ നിന്നുമായിരുന്നു അധ്യാപകർ എത്തിയിരുന്നത്. തന്‍റെ ആദ്യത്തെ പേര് ടീച്ചറിന് ഇഷ്‌ടപ്പെട്ടില്ല. തുടർന്ന് ദ്രൗപതി എന്ന പേര് നൽകുകയായിരുന്നുവെന്ന് മുർമു പറയുന്നു.
സന്താൾ വിഭാഗത്തിൽ പേരുകൾ ഇല്ലാതാകുന്നില്ല. മക്കൾ ജനിച്ചാൽ മുത്തശ്ശന്‍റെയോ മുത്തശ്ശിയുടേയോ പേര് ആണ് നൽകുന്നത്. ദ്രൗപതി ടുഡു എന്നായിരുന്നു തന്‍റെ സ്‌കൂളിലെ പേര് എന്നും ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ശ്യാം ചരൺ ടുഡുവുമായുള്ള വിവാഹശേഷം ദ്രൗപതി മുർമു എന്ന പേര് സ്വീകരിക്കുകയായിരുന്നു എന്നും മുർമു പറഞ്ഞു.
2020 ഫെബ്രുവരിയിൽ ബ്രഹ്മകുമാരി ഗോഡ്‌ലിവുഡ് സ്റ്റുഡിയോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ തന്‍റെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും മുർമു വെളിപ്പെടുത്തി. മൂത്ത മകൻ ലക്ഷ്‌മണിന്‍റെ മരണശേഷം പൂർണമായും തകർന്നുപോയി. ഏകദേശം രണ്ട് മാസത്തോളം വിഷാദത്തിലായിരുന്നു. ആളുകളെ കാണുന്നത് നിർത്തി. വീട്ടിൽ ഒതുങ്ങിക്കൂടി. പിന്നീട് ഈശ്വരീയ പ്രജാപതി ബ്രഹ്മകുമാരിയിൽ ചേർന്ന് യോഗയും ധ്യാനവും ചെയ്‌ത് ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു എന്ന് മുർമു പറയുന്നു.
എന്നാൽ 2013ൽ റോഡപകടത്തിൽ ഇളയമകൻ സിപുണിനെ നഷ്‌ടപ്പെട്ടു. തുടർന്ന് സഹോദരനും അമ്മയും മരണപ്പെട്ടു. ആറ് മാസങ്ങൾക്കുള്ളിൽ മൂന്ന് കുടുംബാംഗങ്ങളാണ് ദ്രൗപതി മുർമുവിന് നഷ്‌ടപ്പെട്ടത്. 2014ൽ ഭർത്താവ് ശ്യാം ചരണും അസുഖ ബാധിതനായി മരിച്ചു. ഏത് നിമിഷവും താൻ മരിക്കുമെന്ന് കരുതിയ ഒരു സമയം ഉണ്ടായിരുന്നു. ദുഃഖത്തിനും സന്തോഷത്തിനും ജീവിതത്തിൽ അതിന്‍റേതായ ഇടമുണ്ടെന്നും മുർമു പറയുന്നു.