ന്യൂഡൽഹി: 2030 ഓടെ ഇന്ത്യയെ ആഗോള ഡ്രോൺ ഹബ് ആക്കി മാറ്റുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാജ്യത്തെ പുതിയ ഡ്രോൺ നിയമങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിശ്വാസം, സ്വയം സാക്ഷ്യപ്പെടുത്തൽ, ചെറിയ രീതിയിലുള്ള നിരീക്ഷണം എന്നീ ഘടകങ്ങളിൽ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഡ്രോൺ നിയമങ്ങൾ ഡ്രോണുകൾ ഉപയോഗിക്കുന്നതിലുള്ള അനാവശ്യമായ നിയന്ത്രണങ്ങളിൽ നിന്ന് മുക്തി നൽകും. അത് രാജ്യത്ത് ഡ്രോണുകളുടെ സുഗമമായ പ്രവർത്തനത്തിന് വഴയൊരുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
എയർ സ്പേസ് മാപ്പ്
ഇന്ത്യയുടെ മുഴുവൻ വ്യോമമേഖലയും റെഡ്, യെല്ലോ, ഗ്രീൻ സോണുകളായി തിരിച്ച് ഡ്രോണുകളുടെ പ്രവർത്തനത്തിനായുളള ഒരു 'എയർ സ്പേസ് മാപ്പ്' വ്യോമസേന മന്ത്രാലയത്തിന്‍റെ ഡിജിറ്റൽ സ്കൈ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കും. ഏതെങ്കിലും നിർദ്ദിഷ്ട പ്രദേശത്ത് ഡ്രോണുകളുടെ പ്രവർത്തനം താൽക്കാലികമായി നിരോധിക്കേണ്ടതുണ്ടെങ്കിൽ ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനോ കേന്ദ്ര ഭരണ സംവിധാനത്തിനോ അത് 'എയർ സ്പേസ് മാപ്പ്' ലൂടെ അറിയിക്കാനാകും.
ഡിജിറ്റൽ സ്കൈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഡ്രോൺ ഉപയോക്താക്കൾക്കും ഇത്തരത്തിലുള്ള നിരോധനങ്ങൾ എയർ സ്പേസ് മാപ്പിലൂടെ അറിയാനാകും. 96 മണിക്കൂറിൽ അധികരിക്കാത്ത സമയപരിധിയിൽ മാത്രമാണ് നിരോധനം ഏർപ്പെടുത്താൻ അനുമതിയുള്ളത്.
Also read: ബെംഗളൂരുവിൽ മരുന്ന് പറന്നെത്തി; ഡ്രോൺ ഡെലിവറി പരീക്ഷണം വിജയം
റെഡ്, യെല്ലോ, ഗ്രീൻ മേഖലകൾ എയർ സ്പേസ് മാപ്പിൽ അടായളപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുകൾ ഡ്രോണുകൾക്കായി ഒരു നോഡൽ പൊലീസ് ഓഫീസറെ നിയമിക്കേണ്ടതുണ്ട്. ചട്ടങ്ങൾ അനുസരിച്ച്, താൽക്കാലിക റെഡ് സോൺ പ്രഖ്യാപിക്കുന്നത് ഒരു പൊലീസ് ഓഫീസർ അല്ലെങ്കിൽ തത്തുല്യമായ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണമെന്നും മന്ത്രി പറഞ്ഞു. പുതിയ ഡ്രോൺ നിയമങ്ങൾ ഇന്ത്യയുടെ വികസനവും സുരക്ഷയും ഒരുപോലെ നിലനിർത്തുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ഡ്രോണുകളിൽ വേണ്ട സുരക്ഷ സംവിധാനങ്ങൾ
ഭാവിയിൽ ഡ്രോണുകളിൽ സ്ഥാപിക്കേണ്ട സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് സർക്കാർ ഉപയോക്താക്കളെയും ഉടമസ്ഥരെയും അറിയിക്കും. നോ പെർമിഷൻ നോ ടേക്ക്ഓഫ്' സംവിധാനം, റിയൽ ടൈം ഫ്ലൈറ്റ് ട്രോക്കിങ് സംവിധാനം, ജിയോഫെൻസിങ് സംവിധാനം (യഥാർത്ഥ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ ഒരു വെർച്വൽ പരിധി) എന്നീ സംവിധാനങ്ങൾ ആണ് സുരക്ഷ സംവിധാനങ്ങളുടെ പട്ടികയിലുള്ളത്.
ഈ മേഖലയിൽ നിന്ന് 62,000 കോടി രൂപ വാർഷിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ജീവനക്കാർക്ക് പ്രതിമാസം കുറഞ്ഞത് 30,000 രൂപ ശമ്പളം ലഭിക്കുമെന്നും വ്യോമയാന മന്ത്രി പറഞ്ഞു.
Also read: ഡ്രോൺ ഉപയോഗത്തിനുള്ള കരട് മാർഗരേഖ പുറത്തിറങ്ങി; ഓഗസ്റ്റ് 5 വരെ അഭിപ്രായങ്ങൾ അറിയിക്കാം