ശ്രീനഗർ: ജമ്മുവില്‍ സൈനിക മേഖലക്ക് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഡ്രോണുകള്‍ കണ്ടെത്തുന്നത്. ഇതോടെ മേഖലയില്‍ സുരക്ഷ ശക്തമാക്കി. ബുധനാഴ്ച പുലര്‍ച്ചെ കലുചക്, കുഞ്ജാവനി മേഖലകളിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. 4.40ന് കലുചകിലും 4.52ന് കുഞ്ജാവനിയിലും ഡ്രോണ്‍ കണ്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഒരാഴ്ചക്കിടെ ജമ്മുവിലെ സൈനിക മേഖലകളില്‍ ഡ്രോണ്‍ കണ്ടെത്തിയ അഞ്ച് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ ജമ്മുവിലെ സൈനിക വിമാനത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. കെട്ടിടത്തിന്‍റെ മേല്‍ക്കൂരക്കും തകരാര്‍ സംഭവിച്ചിരുന്നു.
Also Read: ജമ്മുവിൽ വീണ്ടും ഡ്രോൺ കണ്ടെത്തി
തൊട്ടുപിന്നാലെ, തിങ്കളാഴ്ച പുലര്‍ച്ചെ കലുചക്-രത്നുചക് മേഖലയില്‍ സൈനിക കേന്ദ്രത്തിന് സമീപം കണ്ടെത്തിയ ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടു. ആക്രമണ ശ്രമം സൈനികരുടെ ഇടപെടലിലൂടെ വഴിമാറിയതായാണ് സൈന്യം പ്രസ്താവിച്ചത്. ചൊവ്വാഴ്ച രത്നുചാക്-കുഞ്ജാവനി മേഖലയിലാണ് മൂന്നു തവണയായി ഡ്രോണ്‍ കണ്ടത്.