ഭോപ്പാൽ: ഇൻഡോറിൽ വൻ സ്വർണവേട്ട. കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം വീതമുള്ള 69 സ്വർണകട്ടകളാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു. അനധികൃതമായി സ്വർണം കടത്തുന്നു എന്ന രഹസ്യ വിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
വിപണിയിൽ 3.18 കോടി രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കസ്റ്റംസ് നിയമപ്രകാരം മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കള്ളക്കടത്തിന്‍റെ പ്രധാന കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഡിആർഐ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.