മുംബൈ: എയർ കാർഗോ കോംപ്ലക്‌സിൽ ഇറക്കുമതി ചെയ്‌ത ചരക്കില്‍ നിന്ന് പെരുമ്പാമ്പ് ഉള്‍പ്പടെയുള്ള മൃഗങ്ങളെ പിടികൂടി ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ). വിവിധ ഇനങ്ങളില്‍പ്പെട്ട 665 ജീവികളെയാണ് ഡിആർഐ മുംബൈ സോണൽ യൂണിറ്റ് പിടികൂടിയത്. അപൂർവവും വിദേശത്ത് നിന്നെത്തിച്ചതുമായ വന്യജീവികളാണ് ഏറെയും.
ഇത്തരത്തില്‍ മുംബൈയില്‍ ഇതുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ സംഭവമാണിതെന്നും ഡിആർഐ അറിയിച്ചു. പെരുമ്പാമ്പ്, പല്ലികൾ, കടലാമകൾ, ഇഗ്വാനകൾ തുടങ്ങിയവയെ മത്സ്യപ്പെട്ടികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇറക്കുമതി ചെയ്‌ത ചരക്ക് കൈപ്പറ്റേണ്ടയാളും ഡെലിവറി ചെയ്യേണ്ടുന്നയാളും ഇതിനോടകം അറസ്‌റ്റിലായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിആർഐ അറിയിച്ചു.