ശ്രീനഗർ: 500 കിടക്കകൾ വീതമുള്ള രണ്ട് കൊവിഡ് ആശുപത്രികൾ ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ സ്ഥാപിക്കാൻ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) തീരുമാനം. ചീഫ് സെക്രട്ടറി, ജമ്മു കശ്മീർ ബിവിആർ സുബ്രഹ്മണ്യം, എഫ്‌സി ഹെൽത്ത് അടൽ ഡള്ളൂ, ബന്ധപ്പെട്ട വകുപ്പുകളുടെ കേന്ദ്ര സെക്രട്ടറിമാർ, ഡിആർഡിഒ, ഐടിബിപി, എഎഫ്എംഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേന്ദ്രഭരണ പ്രദേശത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു. നിലവിലുള്ള ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണെങ്കിലും കൊവിഡ് കേസുകൾ ഉയരുന്നത് കിടക്കകളുടെ കുറവിലേക്ക് നയിച്ചേക്കാം. വരാനിരിക്കുന്ന ആശുപത്രികളിൽ ഓക്സിജൻ പിന്തുണയുള്ള കിടക്കകളും 125 പൂർണ സജ്ജമായ ഐസിയു കിടക്കകളും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രഭരണ പ്രദേശത്ത് കൊവിഡ് ആശുപത്രികളുടെ ആവശ്യകത വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറി 500 കിടക്കകളുള്ള ആശുപത്രികൾ നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ ഉടൻ കണ്ടെത്താൻ ജമ്മു കശ്മീർ സർക്കാരിനോട് ആവശ്യപ്പെട്ടു.
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ജമ്മു കശ്മീർ സർക്കാർ ജമ്മുവിലും ശ്രീനഗറിലും രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു. മുൻകാലങ്ങളിൽ, പ്രതിരോധ ഗവേഷണ വികസന സംഘടന രാജ്യത്തുടനീളം ഏകദേശം 12 ദിവസം കൊണ്ട് 1000 കിടക്കകൾ വീതമുള്ള താൽക്കാലിക കൊവിഡ് ആശുപത്രികൾ നിർമ്മിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ 500 കിടക്കകളുള്ള രണ്ട് ആശുപത്രികളുടെ നിർമ്മാണം കേന്ദ്രഭരണ പ്രദേശത്തെ കൊവിഡ് പരിചരണത്തിനുള്ള മെഡിക്കൽ സംവിധാനങ്ങളെ വളരെയധികം ശക്തിപ്പെടുത്തുമെന്നും ഡിആർഡിഒ കൂട്ടിച്ചേർത്തു.