ഭുവനേശ്വര്‍: ഡിആർഡിഒ ചാരക്കേസില്‍ അറസ്റ്റിലായ അഞ്ച് പേരും ഒരു സ്‌ത്രീയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ്. പരസ്‌പരം അറിയാതെയാണ് പ്രതികള്‍ ബാലസോര്‍ സ്വദേശിയാണെന്ന് പറഞ്ഞ സ്‌ത്രീയോട് സംസാരിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ച് എഡിജിപി സഞ്ജീബ് പാന്‍ഡ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ ബന്ധം
പ്രതികളെ വീഡിയോ കോള്‍ ചെയ്‌തിരുന്ന ഇവര്‍ രണ്ട് പേരോട് വിവാഹഭ്യര്‍ഥന നടത്തുകയും ചെയ്‌തു. ചന്ദിപൂറിലുള്ള ഇവരുടെ വസതിയിലേക്ക് ഒരാളെ ക്ഷണിച്ചിരുന്നതായും എഡിജിപി പറഞ്ഞു. യുകെ ഫോണ്‍ നമ്പറാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. വാട്‌സ്ആപ്പിന് പുറമേ ഫേസ്ബുക്കില്‍ പല പേരുകളിലായി ഏഴ് അക്കൗണ്ടുകളിലൂടെയും ഇവര്‍ പ്രതികളെ ബന്ധപ്പെട്ടിരുന്നു.
യുകെ ഫോണ്‍ നമ്പറിനെ കുറിച്ചും ദുബായിലെ ബാങ്ക് അക്കൗണ്ടിനെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതികളിലൊരാള്‍ക്ക് ദുബായിലെ ഈ അക്കൗണ്ട് വഴി രണ്ട് തവണയായി 38,000 രൂപ ലഭിച്ചിരുന്നു. പ്രതികള്‍ക്ക് മറ്റ് വഴികളിലൂടെ പണം ലഭിച്ചിരുന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സ്‌ത്രീയുടെ ഐഡന്‍റിറ്റി വെളിപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാക് ചാരന് വിവരം കൈമാറി
പണത്തിന് വേണ്ടി പാക് ചാരന് വിവരം ചോര്‍ത്തി നല്‍കിയെന്ന കേസില്‍ ഒഡീഷയിലെ ബാലസോർ ജില്ലയിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ (ഐടിആർ) അഞ്ച് ഉദ്യോഗസ്ഥരെ സെപ്‌റ്റംബര്‍ 14,16 തീയതികളിലായി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ചിന്‍റെ കസ്‌റ്റഡിയിലായിരുന്ന ഇവരുടെ കസ്റ്റഡി കാലാവധി ശനിയാഴ്‌ച അവസാനിച്ചതോടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും. ഡിആര്‍ഡിഒയ്ക്ക് കീഴിലുള്ള ചന്ദിപൂരിലെ ഐടിആറില്‍ വച്ചാണ് ഇന്ത്യ റോക്കറ്റുകളും മിസൈലുകളും ഉള്‍പ്പെടെ ടെസ്റ്റ്ഫയര്‍ നടത്തുന്നത്.
Also read: ഐഎസ്ആർഒ ചാരക്കേസ് : മുൻ സിബിഐ ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കണമെന്ന ഹര്‍ജി തള്ളി