ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്‌ട്രപതി സ്ഥാനം ഉറപ്പിച്ച് ദ്രൗപതി മുർമു. എംപിമാരുടെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ എതിർ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയെക്കാൾ ബഹുദൂരം മുന്നിലാണ് എൻഡിഎ സ്ഥാനാർഥിയായ ദ്രൗപതി മുർമു. 763 പാർലമെന്‍റ് അംഗങ്ങളിൽ 15 വോട്ടുകൾ അസാധുവായപ്പോൾ 540 വോട്ടുകൾ ദ്രൗപതി മുർമുവിന് ലഭിച്ചു. 208 വോട്ടുകളാണ് യശ്വന്ത് സിൻഹക്ക് ലഭിച്ചത്.
3,78,000 ആണ് മുർമുവിന് ലഭിച്ച വോട്ടിന്‍റെ മൂല്യം. അതേസമയം 1,45,600 ആണ് എതിർ സ്ഥാനാർഥി യശ്വന്ത് സിൻഹയ്‌ക്ക് ലഭിച്ച വോട്ടിന്‍റെ മൂല്യം. ഇന്ന്(21.07.2022) രാവിലെ 11മണിക്ക് പാർലമെന്‍റിലെ 63-ാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. എംപിമാരും എംഎല്‍എമാരുമായി ആകെ 4,800 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 99 ശതമാനം പേർ വോട്ടുചെയ്‌തിരുന്നു.
ജാർഖണ്ഡിലെ ആദ്യ വനിത ഗവർണറായ ദ്രൗപതി മുർമു കൗൺസിലറായാണ് രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട്, റൈരംഗ്‌പുര്‍ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്‌സണായി. ഒഡിഷയിൽ നിന്ന് രണ്ട് തവണ ബി.ജെ.പി നിയമസഭാംഗമായി. ബി.ജെ.പിയുടെ പിന്തുണയോടെ ബിജു ജനതാദൾ ഒഡിഷ ഭരിച്ചപ്പോള്‍ നവീൻ പട്‌നായിക് മന്ത്രിസഭയില്‍ ഇടംപിടിച്ചിരുന്നു ദ്രൗപദി.