ആനേക്കൽ: നൂറു വർഷങ്ങളോളം മൃതദേഹങ്ങൾ കേടുകൂടാതെ സംരക്ഷിക്കാമെന്ന് തെളിയിച്ച് ബംഗളൂരുവിലെ ഓക്‌സ്‌ഫോർഡ് മെഡിക്കൽ കോളജ്. ഫോറൻസിക് സയൻസ് സ്‌പെഷ്യലിസ്റ്റ് ഡോ. ദിനേശ് റാവുവാണ് ചില കെമിക്കലുകളുടെ സഹോയത്തോടെ മൃതദേഹങ്ങൾ അഴുകാതെയും ദുർഗന്ധം വമിക്കാതെയും സൂക്ഷിക്കാമെന്ന് കണ്ടെത്തിയത്. മൃതദേഹങ്ങൾ വർഷങ്ങളോളം അഴുകാതെ സൂക്ഷിച്ച ലോകത്തിലെ തന്നെ ആദ്യത്തെ വിജയപരീക്ഷണമാണിതെന്ന് ദിനേശ് റാവു അവകാശപ്പെട്ടു.
ഇതിനായി താൻ പരീക്ഷണം നടത്തിയ ഒരു ശിശുവിന്‍റേയുൾപ്പെടെ നാല് മൃതദേഹങ്ങൾ മെഡിക്കൽ വിദ്യാർഥികൾക്ക് മുന്നിൽ ഡോ. ദിനേശ് റാവു പ്രദർശിപ്പിക്കുകയും ചെയ്‌തു. ജീവനുണ്ടെന്ന് തോന്നിപ്പിക്കും വിധം കസേരകളിൽ ഇരുത്തിയാണ് മൃതദേഹങ്ങൾ പ്രദർശിപ്പിച്ചത്. ഇതോടെ പുതിയൊരു വഴിത്തിരിവിനാണ് മെഡിക്കൽ ലോകം സാക്ഷ്യം വഹിക്കുന്നത്.
വർഷങ്ങളായി മൃതദേഹങ്ങൾ സാധാരണ ഊഷ്‌മാവിലാണ് സൂക്ഷിച്ചുവന്നതെന്ന് ഡോ. ദിനേശ് റാവു പറയുന്നു. എന്നാൽ ഇവ അഴുകുകയോ ദുർഗന്ധം വമിക്കുകയോ ചെയ്‌തില്ല. താനുപയോഗിച്ച ചില പ്രത്യേക രാസപദാര്‍ഥങ്ങളും രീതിശാസ്‌ത്രവും മൃതദേഹങ്ങളിലെ ദുർഗന്ധം പൂർണമായും തടഞ്ഞു. തനിക്കു പോലും ഞെട്ടലുളവാക്കുന്ന വിധത്തിലായിരുന്നു രാസപദാര്‍ഥങ്ങളുടെ പ്രവർത്തനമെന്നും ഇത് ലോകത്തിലെ വലിയൊരു വിജയമെന്നും അദ്ദേഹം പ്രതികരിച്ചു.