ബദായൂം (ഉത്തർ പ്രദേശ്): വിവാഹത്തിനു 20 ദിവസങ്ങൾ ബാക്കി നിൽക്കെ സ്‌ത്രീധന തുക പോരെന്ന കാരണത്താൽ വരൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടർന്ന് വധു ആത്മഹത്യ ചെയ്‌ത നിലയില്‍. ഉത്തർ പ്രദേശിലെ കാരിമായി ഗ്രാമത്തിലെ ഉഹ്‌ഗാട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്‌ച ആയിരുന്നു സംഭവം.
ഏപ്രിൽ 22ന് ആയിരുന്നു വിവാഹം. വികാസ് എന്നയാളുമായി ആണ് പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വികാസ് വിവാഹം നീട്ടി കൊണ്ടു പോകുകയായിരുന്നു. പീന്നീട് വിവാഹം ഉറപ്പിച്ച ശേഷം 20 ദിവസങ്ങൾക്കു മുൻപ് വിവാഹം വേണ്ടെന്നു വയ്‌ക്കുകയായിരുന്നു.
മരണത്തിനു മുൻപ് പെൺകുട്ടി പങ്കുവച്ച രണ്ടു വീഡിയോയിൽ ഒന്നിൽ ക്ഷണക്കത്തുകൾ എല്ലാവർക്കും എത്തിച്ചു കഴിഞ്ഞുവെന്നും, വിവാഹത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു എന്നും പറയുന്നു. എന്നാൽ ഏപ്രിൽ രണ്ടിന് വികാസ് വിളിച്ചു കൂടുതൽ സ്‌ത്രീധന തുക ആവശ്യപ്പെട്ടു. പെൺകുട്ടി വീട്ടിലെ സാഹചര്യം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും വികാസ് തുക കൂട്ടിത്തരാൻ വാശിപ്പിടിക്കുകയായിരുന്നു. കൂടാതെ ഫോണിൽ കൂടി അപമര്യാദയായി പെരുമാറുകയും,ചെയ്‌തതായി പറയുന്നു. പെൺകുട്ടി വലിയ മാനസിക സമ്മർദത്തിലായിരുന്നു. ഇതു താങ്ങാൻ കഴിയാതെ ആണ് പെൺകുട്ടി ആത്‌മഹത്യ ചെയ്‌തതെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു.
രണ്ടാമതായി പങ്കുവച്ച വീഡിയോയിൽ താൻ നിസ്സഹായയാണെന്നും തനിക്കു ഇതിൽ കൂടുതൽ മാനസിക പിരിമുറുക്കം താങ്ങാനാവുന്നില്ലെന്നും താൻ പോകുകയാണെന്നും പെൺകുട്ടി പറഞ്ഞു. ഗവൺമെന്‍റ് ഉദ്യോഗസ്ഥനായ വികാസ് 30 ലക്ഷം രൂപയും ഒരു കാറുമാണ് പെൺകുട്ടിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടത്. വികാസും കുടുംബവും സ്‌ത്രീധനത്തിന്‍റെ പേരിൽ പെൺകുട്ടിയേയും കുടുംബത്തെയും ഏറെ സമ്മർദത്തിലാക്കിയിരുന്നതായി മാതാപിതാക്കൾ പൊലീസിനോടു പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.
കുറച്ചുമാസം മുന്‍പ് തെലങ്കാനയില്‍ വരന്‍റെ കുടുംബം നല്‍കാമെന്ന് പറഞ്ഞ സ്‌ത്രീധന തുക കുറഞ്ഞതിന്‍റെ പേരില്‍ വധൂവരന്മാരുടെ കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മാര്‍ച്ച് ഒമ്പതിന് നടക്കേണ്ടിയിരുന്ന വിവാഹമാണ് മുടങ്ങിയത്. സംഭവത്തിൽ പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. തങ്ങളുടെ മകൾക്ക് നീതി ലഭിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ മരണത്തെ കുറിച്ച് പൊലീസ് അധിക വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വികാസിനെയോ കുടുംബത്തിനെയോ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. മാതാപിതാക്കൾ പെൺകുട്ടിയ്‌ക്കു നീതി ലഭിക്കുന്നതു വരെ കേസുമായി മുന്നോട്ടു പോകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ : സ്‌ത്രീധനത്തിന്‍റെ പേരില്‍ പീഡനം; പിഞ്ചുകുഞ്ഞുങ്ങളുമായി തെരുവിലിറങ്ങി യുവതി
തമിഴ്‌നാട്ടില്‍ അടുത്തിടെ സ്‌ത്രീധനത്തിന്‍റെ പേരിലുളള പീഡനത്തെ തുടര്‍ന്ന് തന്‍റെ പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി തെരുവിലിറങ്ങിയിരുന്നു. സ്‌ത്രീധന പീഡനത്തിന്‍റെ പേരില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനാലാണ് കുഞ്ഞുങ്ങളുമായി തെരുവിലേക്കിറങ്ങിയതെന്ന് യുവതി പറഞ്ഞു. തമിഴ്‌നാട്ടിലെ കീരപ്പട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്.