ശ്രീനഗര്‍ : ലോകത്തെ ഏറ്റവും നീളം കൂടിയ പല്ല് പറിച്ചെടുത്ത് ഡോക്‌ടര്‍മാര്‍. സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിലുള്ള ബീർവ ഉപജില്ല ആശുപത്രിയിലെ ഡോക്‌ടര്‍മാരാണ് പല്ലുവേദനയുമായെത്തിയ രോഗിയുടെ 37.5 മില്ലി മീറ്റര്‍ (3.75 സെന്‍റി മീറ്റര്‍) നീളമുള്ള പല്ല് പറിച്ചെടുത്തത്. ഏതാണ്ട് ഒന്നര മണിക്കൂര്‍ സമയമെടുത്താണ് പല്ല് നീക്കം ചെയ്‌തത്.
കഴിഞ്ഞ രണ്ടാഴ്‌ചയിലേറെയായി പല്ലുവേദന അനുഭവിക്കുന്ന രോഗി എക്‌സ്‌റേയ്ക്ക് വിധേയനായപ്പോള്‍ പല്ല് പറിച്ചെടുക്കണമെന്ന് ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെടുകയായിരുന്നു. തുടര്‍ന്ന് ബീർവ ഉപജില്ല ആശുപത്രിയിലെത്തി പല്ല് നീക്കം ചെയ്യുകയായിരുന്നുവെന്ന് മെഡിക്കൽ ഓഫിസർ ഡോ. ജാവൈദ് അഹമദ് പറഞ്ഞു.
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സില്‍, ഇതുവരെ പറിച്ചെടുത്തവയില്‍ ഏറ്റവും നീളം രേഖപ്പെടുത്തിയത് 37.2 മില്ലി മീറ്ററാണെന്നും എന്നാല്‍ ആശുപത്രിയില്‍ പറിച്ചെടുത്ത പല്ലിന് 37.5 മില്ലി മീറ്ററിൽ കൂടുതല്‍ നീളമുണ്ടെന്നും ഡോ. ജാവൈദ് പറഞ്ഞു. പുറത്തെടുത്ത പല്ലുകളില്‍ ഏറ്റവും നീളമുള്ള പല്ലായിരിക്കാം ഇത്. രോഗി നിരീക്ഷണത്തിലാണെന്നും ആശുപത്രിയിൽ നിന്ന് വൈകാതെ ഡിസ്‌ചാർജ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.